Kerala
ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തിയ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി
മലപ്പുറം: വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി കടത്തിയ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിജിലന്‍സ് വിഭാഗമാണ് സംഭവം അന്വേഷിക്കുക. റിപ്പോര്‍ട്ടര്‍ ടി വിയാണ് ഈ വാര്‍ത്ത നല്‍കിയത്.
മലപ്പുറം മൊറയൂര്‍ വിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. രാത്രിയുടെ മറവിലാണ് അരിക്കടത്ത്. അരിച്ചാക്കുകള്‍ സ്വകാര്യ വാഹനത്തില്‍ കടത്തുന്നത് ദൃശ്യങ്ങളില്‍ കാണാം. അരിക്കടത്തിന് പിന്നില്‍ സ്‌കൂളിലെ അധ്യാപകന്‍ തന്നെയന്നാണ് ആരോപണം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും പഞ്ചായത്തംഗം ഹുസൈന്‍ ബാബു പരാതി നല്‍കി.
നേരത്തെ ഈ സംഭവം പ്രധാനധ്യാപകരടക്കമുളള സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും വീണ്ടും അരിക്കടത്ത് നടത്തി. അധികൃതര്‍ ഇതിന് കൂട്ടുനില്‍ക്കുകയാണ്. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുളള മുട്ടയും പാലും സ്‌കൂളില്‍ വിതരണം ചെയ്യുന്നില്ല. അതും കടത്തിക്കൊണ്ടു പോവുകയാണെന്ന് പരാതിക്കാരനായ ഹുസൈന്‍ ബാബു ആരോപിച്ചു.