India
7-ാം വയസിൽ തട്ടിക്കൊണ്ടുപോയി; 17 വർഷത്തിനു ശേഷം വക്കീലായി പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്ത് 24കാരൻ
ബാല്യത്തിൽ തന്നെ തട്ടിക്കൊണ്ടുപോയ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ നിയമബിരുദം എടുത്ത് വക്കീലായി ആഗ്രയിൽ നിന്നുള്ള ഹർഷ് ഗാർഗ്. കോടതിയിൽ ശക്തമായി വാദിച്ച് 17 വർഷത്തിനുശേഷം എട്ടു പ്രതികൾക്കും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു ഈ 24കാരൻ. സമാനതകളില്ലാത്തതാണ് ഈ നിയമപോരാട്ടമെന്ന് കോടതി തന്നെ വിലയിരുത്തുകയും ചെയ്തു.
ആഗ്രയിലെ ഖേരാഗഡിലെ വീടിനു സമീപത്തുനിന്നും 2007 ഫെബ്രുവരി 10നാണ് ഗാർഗിനെ പ്രതികൾ തട്ടിക്കൊണ്ടു പോയത്. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് രവികുമാർ ഗാർഗിന് വെടിയേറ്റു. തട്ടിക്കൊണ്ടുപോയവർ 55 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. പിന്നീട് 26 ദിവസത്തിന് ശേഷം മധ്യപ്രദേശിലെ ശിവപുരിയിൽ നിന്ന് ഗാർഗിനെ പോലീസിന്റെ കയ്യിൽ കിട്ടി.
തനിക്കും തന്നെ പോലെ ഇരകളാക്കപ്പെട്ടവർക്കും നീതി ലഭിക്കണമെന്ന ആഗ്രഹമാണ് ഗാർഗിനെ അഭിഭാഷകനാക്കിയത്. തുടർന്ന് തന്നെ തട്ടിക്കൊണ്ടുപോയ കേസ് സ്വയം വാദിക്കാൻ തീരുമാനിച്ചു. കേസിൽ ഗാർഗിന്റെ മൊഴിയാണ് നിർണായകമായത്. മാത്രമല്ല, തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് ചെറുപ്രായത്തിൽ തനിക്കുണ്ടായ മാനസിക ആഘാതം എത്രത്തോളമാണെന്ന് ഗാർഗ് കോടതിയെ ബോധ്യപ്പെടുത്തി.
കേസിലെ എട്ടു പ്രതികൾക്കും ആഗ്ര കോടതി ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിലെ മറ്റ് നാല് പ്രതികളെ മതിയായ തെളിവുകളില്ലാത്തതിനാൽ വെറുതെവിട്ടു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാതെ നീതി നടപ്പാക്കിയതിൽ സന്തോഷമുണ്ടെന്നായിരുന്നു വിധി പ്രസ്താവനത്തിനുശേഷം ഗാർഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്.