Kerala
രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു; സ്ത്രീത്വത്തെ അപമാനിച്ചതിന് ഐപിസി 354 അടക്കം വകുപ്പുകൾ
പീഡനാരോപണത്തിൽ പെട്ട രഞ്ജിത്തിനെ സംരക്ഷിക്കാൻ സർക്കാർ പറഞ്ഞ ന്യായം പൊളിച്ച് ബംഗാളി നടിയുടെ രേഖാമൂലമുള്ള പരാതി. പരാതി കിട്ടിയാലല്ലാതെ മാധ്യമങ്ങൾക്ക് മുന്നിലെ വെളിപ്പെടുത്തലിൻ്റെ പേരിൽ നടപടി പറ്റില്ലെന്ന് സർക്കാർ നിലപാട് എടുത്തിരിക്കെ, കൊച്ചി സിറ്റി പോലീസിന് നടി ഇമെയിലിൽ പരാതി അയച്ചു. വൈകിട്ട് ഇത് കിട്ടി രണ്ട് മണിക്കൂറിനുള്ളിൽ കേസ് റജിസ്റ്റർ ചെയ്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി വിവരമറിയിച്ചു കമ്മിഷണർ ശ്യാം സുന്ദർ.
ഐപിസി 354 പ്രകാരമാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് എടുത്തതെങ്കിലും അന്വേഷണത്തിനായി കഴിഞ്ഞ ദിവസം നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. ലൈംഗിക താല്‍പര്യത്തോടെ സംവിധായകന്‍ രഞ്ജിത്ത് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നാണ് ഇന്ന് വൈകിട്ടോടെ അയച്ച ഇ മെയിൽ പരാതിയിൽ അതിജീവിത പറയുന്നത്.
സംഭവം നടന്ന വര്‍ഷം, സ്ഥലം, രക്ഷപ്പെട്ട രീതി, ആരോടെല്ലാം വിവരം പങ്കുവച്ചു എന്നീ കാര്യങ്ങൾ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് അതിക്രമം ഉണ്ടായത്. താന്‍ വെളിപ്പെടുത്തിയ സ്വഭാവത്തിലുള്ള കുറ്റകൃത്യത്തിന് കേസെടുക്കുന്നതിന് ഔപചാരികമായ പരാതിയുടെ ആവശ്യമില്ല. അങ്ങനെയാണ് കിട്ടിയ നിയമോപദേശം. എന്നാൽ രേഖാമൂലമുള്ള പരാതിയില്ലാതെ കേസെടുക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസില്‍ പരാതി നല്‍കിയതെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.
മോശമായി പെരുമാറിയെന്ന നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ കഴിഞ്ഞ ദിവസമാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി സ്ഥാനം രാജിവച്ചത്. തുടക്കത്തിൽ സംരക്ഷണം ഒരുക്കിയ സർക്കാർ പ്രതിഷേധം കനത്തതോടെ ഗത്യന്തരമില്ലാതെ സംവിധായകനെ കയ്യൊഴിയുകയായിരുന്നു. സർക്കാരിന് കളങ്കം ഉണ്ടാകാതിരിക്കാനാണ് പദവി ഒഴിയുന്നത് എന്നായിരുന്നു രഞ്ജിത്തിൻ്റെ പ്രതികരണം.
2009ല്‍ ‘പാലേരി മാണിക്യം: ഒരു പാതിരാക്കൊലപാതകത്തിൻ്റെ കഥ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ തന്നോട് മോശമായി പെരുമാറി എന്നായിരുന്നു വെളിപ്പെടുത്തൽ. രഞ്ജിത്ത് ഹോട്ടൽ മുറിയിലേക്ക് വിളിപ്പിക്കുകയും ആദ്യം വളകളിലും പിന്നീട് മുടിയിലും തഴുകി. അത് കഴുത്തിലേക്ക് നീങ്ങിയപ്പോൾ തിടുക്കത്തിൽ മുറിവിട്ട് ഓടുകയായിരുന്നു. മടങ്ങിപ്പോകാനുള്ള പണം പോലും നൽകിയില്ല. പിന്നീട് മലയാള സിനിമയിൽ ഒരവസരവും കിട്ടിയില്ലെന്നും നടി തുറന്നു പറഞ്ഞിരുന്നു.