Kerala

റേഷൻ വിതരണം; ഐടി മിഷനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ല: സിവിൽ സപ്ലൈസ് കമ്മീഷണർ

Posted on

തിരുവനന്തപുരം: റേഷൻ വിതരണത്തിൽ കേന്ദ്ര ഏജൻസിയായ എൻഐസിയുടെ ട്രയൽ റൺ സ്ഥിരീകരിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ. റേഷൻ വിതരണത്തിലെ സാങ്കേതിക സേവനത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ട്രയൽ റണ്ണിനു ശേഷമാകും തുടർ നടപടിയെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു ഐഎഎസ് അറിയിച്ചു. റിപ്പോർട്ടർ വാർത്തയുടെ പശ്ചാത്തലത്തിൽ ഐടി മിഷനെ ശാക്തീകരിക്കാനും സർക്കാർ തലത്തിൽ ആലോചന തുടങ്ങി.റേഷൻ വിതരണത്തിലും മസ്റ്ററിങ്ങിലും സംസ്ഥാന സർക്കാർ ഏജൻസിയായ ഐടി മിഷനെ ഒഴിവാക്കാൻ പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുവെന്ന വാർത്ത ഇന്നലെ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്.

ഐടി മിഷനെ ഒഴിവാക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത് ബാബു റിപ്പോർട്ടർ ടിവിക്ക് നൽകിയ കത്തിൽ ഇത് സംബന്ധിച്ച് ആലോചനയുണ്ടെന്ന് സ്ഥിരീകരിച്ചു. എൻഐസിയുടെ ട്രയൽ റൺ വിജയകരമായി പൂർത്തീകരിച്ച ശേഷമേ തുടർനടപടി ഉണ്ടാകൂ എന്നാണ് സിവിൽ സപ്ലൈസ് കമ്മീഷണറുടെ വിശദീകരണം. ട്രയൽറൺ തീയതി തീരുമാനിക്കാൻ അടുത്തയാഴ്ച്ച യോഗം ചേരും. എൻഐസിയെ ഐടി മിഷനൊപ്പം സമാന്തരമായി കൊണ്ടുപോകാൻ നേരത്തെ ധാരണയായെന്നും ഇതിന് 3.5ലക്ഷം രൂപ നൽകിയെന്നും കത്തിൽ അറിയിച്ചു.

എൻഐസിയെയും ഐടി മിഷനെയും ഒരുമിച്ച് കൊണ്ടുപോകാൻ ആദ്യ ഘട്ടത്തിൽ ആലോചിച്ചിരുന്നെങ്കിലും അത് പ്രായോഗികമാകില്ലെന്ന് വിലയിരുത്തിയാണ് എല്ലാ റേഷൻ സേവനങ്ങളും എൻഐസിക്ക് നൽകാൻ പൊതുവിതരണ വകുപ്പ് നടപടി തുടങ്ങിയത്. റേഷൻ വിതരണത്തിൽ നിന്ന് ഐടി മിഷനെ ഒഴിവാക്കി കേന്ദ്ര ഏജൻസിയെ കൊണ്ടുവന്നാൽ സംസ്ഥാന സർക്കാരിന് നാണക്കേടാകുമെന്ന് ഉറപ്പാണ്. വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസിയെ തള്ളി ഐടി മിഷനെ ശാക്തീകരിക്കാനാണ് സർക്കാർ തലത്തിലെ പുതിയ ആലോചന.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version