Kerala

ആറുവയസ്സുകാരിയെ പീഡിപ്പിച്ച അയല്‍വാസിക്ക് 65 വര്‍ഷം കഠിനതടവ്

Posted on

ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി, അയല്‍വാസിയായ മുപ്പത് വയസുകാരന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. പിഴ തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ എട്ടുമാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആര്‍.രേഖ വിധിച്ചു. ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ തയ്യാറായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്നും കോടതി വിധിന്യായത്തില്‍ പറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷകള്‍ നല്‍കിയാല്‍ മാത്രമേ കഴിയൂവെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2023 ഏപ്രില്‍ 7,10,17 തീയതികളില്‍ ആണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് കേസ്. പീഡന സമയത്ത് ഉറക്കെ കരഞ്ഞപ്പോള്‍ കുട്ടിയുടെ പാവാട വായില്‍ തിരുകി കയറ്റുകയായിരുന്നു പ്രതി. പുറത്ത് പറഞ്ഞാല്‍ അടിക്കുമെന്ന് ഭീഷണിപെടുത്തി. പീഡനത്തെ തുടര്‍ന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാല്‍ പ്രതിയെ ഭയന്ന് കുട്ടി വീട്ടില്‍ പറഞ്ഞില്ല. പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കരഞ്ഞെങ്കിലും എന്താണ് സംഭവിച്ചത് എന്ന് വെളിപ്പെടുത്തിയില്ല. കാലുവേദനയാണ് എന്ന് കരുതി അമ്മ തടവി കൊടുക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ട് പോകാന്‍ അമ്മ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചിരുന്നില്ല. ഒടുവില്‍ നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ ഒറ്റക്ക് നിര്‍ത്താതെ അമ്മ ജോലിക്ക് പോകുമ്പോള്‍ ഒപ്പം കൊണ്ടുപോയി.

ഓഫീസിലും കരച്ചില്‍ തുടര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരു ജീവനക്കാരി കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാന്‍ അമ്മയോട് പറയുകയായിരുന്നു. തുടര്‍ന്നാണ് ഗുരുതരമായ പരിക്ക് കണ്ടത്. തുടര്‍ന്ന് കുട്ടിയോട് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പീഡന വിവരം വെളിപ്പെടുത്തിയത്. ഉടനെ തന്നെ വീട്ടുകാര്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. വൈദ്യപരിശോധനയിലും ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്ടറും സ്ഥിരീകരിച്ചു.

ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂര്‍ത്തീകരിച്ചത്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.അതിയന്നൂര്‍ ആര്‍.വൈ.അഖിലേഷ് എന്നിവര്‍ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷന്‍ 15 സാക്ഷിങ്കളെ വിസ്തരിച്ചു, 25 രേഖകളും ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷന്‍ എസ്‌ഐ ആശാചന്ദ്രന്‍, പേരൂര്‍ക്കട സിഐ വി.സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version