Kerala
ലൈംഗിക വീഡിയോകൾ കാണിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ
അകോള: മഹാരാഷ്ട്രയെ നടുക്കിയ ബദ്ലാപൂർ ലൈംഗികപീഡന വാർത്തകൾക്ക് പിന്നാലെ അകോളയിലും സമാനമായ സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടികളെ ലൈംഗികവീഡിയോകൾ കാണിച്ച ശേഷം പീഡിപ്പിച്ച അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അകോള ജില്ലയിലെ ജില്ലാ പരിഷത്ത് സ്‌കൂളിലായിരുന്നു സംഭവം. പ്രമോദ് സർക്കാർ എന്ന 42കാരനായ അധ്യാപകനാണ് എട്ടാം ക്‌ളാസുകാരായ 6 പെൺകുട്ടികളെ ലൈംഗിക വീഡിയോകൾ കാണിച്ചതിന് ശേഷം പീഡിപ്പിച്ചത്. ഇയാൾ തങ്ങളെ ലൈംഗികചുവയോടെ സമീപിക്കുകയും സ്പർശിക്കുകയും ചെയ്യുമായിരുന്നുവെന്ന് പെൺകുട്ടികൾ പറഞ്ഞു. ഇരയായ ഒരു കുട്ടി ചൈല്‍ഡ്‌ലൈന്‍ നമ്പറിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരാണ് ആദ്യം അന്വേഷണവുമായി സ്‌കൂളിലെത്തിയത്. കഴിഞ്ഞ നാല് മാസമായി തങ്ങൾ അനുഭവിച്ചുവന്നിരുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇവർക്ക് മുൻപിൽ കുട്ടികൾ തുറന്നുപറഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ പോലീസിനെ വിവരമറിയിക്കുകയും അധ്യാപകനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
നേരത്തെ മറ്റൊരു സംഭവത്തിൽ മഹാരാഷ്ട്രയിലെ തന്നെ ബദ്‌ലാപൂരിൽ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കുട്ടികൾ പഠിച്ചിരുന്ന സ്കൂൾ പ്രതിഷേധക്കാർ അടിച്ചുതകർത്തിരുന്നു. റെയിൽവെ ഗതാഗതവും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. റെയിൽവെ പൊലീസും പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചില്ലെന്നാണ് റിപ്പോർട്ട്. പിന്നാലെ പൊലീസ് പ്രതിഷേധക്കാർക്കെതിരെ കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തി വീശുകയുമായിരുന്നു. ബദ്ലാപൂർ, കജ്റത് എന്നിവടങ്ങളിലേക്കുള്ള ലോക്കൽ ട്രെയിുകൾ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കി.
മഹാരാഷ്ട്രയിലെ താനെയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രീ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന മൂന്ന് വയസ് പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ സ്കൂളിലെ ശുചീകരണ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശുചിമുറിയിൽ വെച്ചായിരുന്നു പ്രതി കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കുട്ടികൾ ശുചിമുറിയിലേക്ക് പോകുന്നതിനിടെ പ്രതി അക്ഷയ് ഷിൻഡെ ഇവരെ പീഡിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു ഇയാൾ സ്കൂളിൽ ജോലിക്ക് പ്രവേശിക്കുന്നത്.