India
അയോധ്യയിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ഇന്ന്
അയോധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധിവരുത്തൽ ചടങ്ങുകൾ ഇന്ന്. സരയൂ നദിയിലെ ജലംകൊണ്ടാണ് ഗർഭഗൃഹ ശുദ്ധി ചടങ്ങുകൾ നടത്തുക. പ്രാണപ്രതിഷ്ഠയ്ക്കു മുമ്പുള്ള ചടങ്ങുകളുടെ നാലാംദിനമായ വെള്ളിയാഴ്ച വിശുദ്ധാഗ്നി ജ്വലിപ്പിച്ചുകൊണ്ടുള്ള പൂജകൾ ക്ഷേത്രത്തിൽ നടന്നിരുന്നു.
രാമ ക്ഷേത്രത്തിന്റെ വാസ്തുശാന്തി ചടങ്ങുകളും ഇന്ന് നടക്കും. തിങ്കളാഴ്ച നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബാലരാമവിഗ്രഹത്തിന്റെ ആദ്യചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. മൈസൂരിലെ പ്രമുഖശില്പി അരുൺ യോഗിരാജ് കൃഷ്ണശിലയിൽ കൊത്തിയെടുത്ത ബാലരാമ വിഗ്രഹത്തിന് 51 ഇഞ്ചാണ് ഉയരം. സ്വർണവില്ലും അമ്പും കൈയിലേന്തി നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം തയ്യാറാക്കിയിരിക്കുന്നത്.
പ്രതിഷ്ഠാചടങ്ങിനു മുന്നോടിയായി ബുധനാഴ്ച വിഗ്രഹം ക്ഷേത്രത്തിലെത്തിക്കുകയും വ്യാഴാഴ്ച വൈകീട്ട് ശ്രീകോവിലിൽ സ്ഥാപിക്കുകയും ചെയ്തു. ശ്രീരാമന് അഞ്ചുവയസ്സുള്ളപ്പോഴുള്ള രൂപത്തിലാണ് ബാലരാമ വിഗ്രഹം തീർത്തതെന്ന് രാമ ജന്മഭൂമിതീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.