Kerala
ആദ്യം വന്നത് താൻ, ടോക്കൺ നൽകിയത് എൽഡിഎഫ് സ്ഥാനാർത്ഥിക്ക്: പരാതി നൽകാന്‍ രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട്: ആദ്യ ടോക്കണ്‍ നല്‍കിയില്ലെന്ന പരാതിയില്ർ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കാസർകോട് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താന്‍. വരാണാധികാരിയ്ക്കും പൊലീസിനും എതിരെയാണ് ഉണ്ണിത്താൻ്റെ പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുമെന്നും കളക്ടർ കെ ഇമ്പശേഖർ വിവേചനപരമായി പെരുമാറിയെന്നും ഉണ്ണിത്താൻ ആരോപിച്ചു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ കാസർകോട് കളക്ടറേറ്റിൽ രാവിലെ ആദ്യം എത്തിയത് താനാണെന്നും എന്നാൽ പിന്നീട് വന്ന എൽഡിഎഫ് സ്ഥാനാർത്ഥിക്കാണ് കളക്ടർ ആദ്യം ടോക്കൺ നൽകിയതെന്നുമാണ് ഉണ്ണിത്താൻ ആരോപിച്ചത്. ഇന്നലെ തന്നെ ഇതുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറിനു മുന്നിൽ പ്രതിഷേധം ഉയർന്നിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ കെ ഇമ്പശേഖർ നീതിപൂർവ്വമല്ലാതെ പ്രവർത്തിച്ചുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
‘നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ജോത്സ്യന്‍ കുറിച്ചു തന്ന സമയം രാവിലെ 10 നും 12 നും ഇടയിലാണ്. അത് നേരത്തെ വരണാധികാരിയെ അറിയിച്ചിരുന്നു. ഈശ്വരവിശ്വാസിയാണ്. സ്വാഭാവികമായും ജാതക പ്രകാരം ഇതൊക്കെ നോക്കിയാണ് നോമിനേഷന്‍ കൊടുക്കുന്നത്. എന്നാല്‍ 10 മണിക്ക് കളക്ട്രേറ്റ് ഓഫീസില്‍ ആരാണോ ആദ്യം എത്തുന്നത് അവര്‍ക്ക് ഒന്നാമത്തെ ടോക്കണ്‍ കൊടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നോമിനേഷന്‍ വെരിഫൈ ചെയ്യാന്‍ 40 മിനിറ്റ് വേണം. ഞാന്‍ 9 മണിക്ക് കളക്ട്രേറ്റില്‍ എത്തി. മുന്നില്‍ നിന്നു. മറ്റാരും ഉണ്ടായിരുന്നില്ല. ഞാന്‍ മാത്രമെ എത്തിയുള്ളൂ. എന്നാല്‍ അതിനകം തന്നെ ഒന്നാമത്തെ കൂപ്പണ്‍ കൊടുത്തുകഴിഞ്ഞിരുന്നു. രണ്ടാമത്തേത് തരാം എന്ന് പറഞ്ഞപ്പോള്‍ ‘നിന്റെ ഔദാര്യം എനിക്ക് വേണ്ടെന്ന്’ പറഞ്ഞു. കളക്ടര്‍ നീതിപൂര്‍വ്വമല്ല പ്രവര്‍ത്തിച്ചത്. ഭരണത്തിന്റെ സ്വാധീനത്തില്‍ ആരെങ്കിലും ഭീഷണിപ്പെടുത്തികാണണം എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
അതേസമയം, രാജ് മോഹൻ ഉണ്ണിത്താൻറെ ആരോപണങ്ങളെ തള്ളി എൽഡിഎഫ് സ്ഥാനാർത്ഥി രംഗത്തെത്തി. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങൾ സംസാരിക്കുന്നതെന്ന് എം വി ബാലകൃഷ്ണൻ പറഞ്ഞു. എൽഡിഎഫ് പ്രതിനിധി അസീസ് കടപ്പുറം ഏഴുമണിക്ക് തന്നെ കളക്ടറേറ്റിൽ എത്തിയതായാണ് എൽഡിഎഫ് ആരോപിക്കുന്നത്. 9 മണിയോടെ രാജ്മോഹൻ ഉണ്ണിത്താനും എത്തി. ആദ്യം എത്തുന്നയാൾക്ക് പത്ത് മണിയ്ക്ക് ടോക്കൺ നൽകുമെന്നാണ് കളക്ടർ അറിയിച്ചത്.