India
രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി; അമേരിക്കൻ പ്രസംഗത്തിൽ വിറളിപിടിച്ച് ബിജെപി
ആർഎസ്എസിൻ്റെ ആശയത്തെ ചോദ്യം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രാജ്യദ്രോഹിയെന് വിശേഷിപ്പിച്ച് കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ്. രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നത് ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ മാത്രമാണെന്ന് തോന്നുന്നു. ഇന്ത്യയുടെ മൂല്യങ്ങളിലും സംസ്‌കാരത്തിലും അടിയുറച്ച ആർഎസ്എസിനെ ഈ ജീവിതകാലത്ത് ഒരിക്കലും മനസിലാക്കാൻ അദ്ദേഹത്തിന് കഴിയില്ല. അതിനെപറ്റി അറിയാൻ വല്ല സാങ്കേതിക വിദ്യയുമുണ്ടെങ്കിൽ അതുപയോഗിച്ച് മുത്തശ്ശി ഇന്ദിരാഗാന്ധിയോട് ചോദിക്കണം. അല്ലെങ്കിൽ ചരിത്രം പരിശോധിക്കണം. ആർഎസ്എസിനെ ശരിക്കും മനസിലാക്കാൻ രാജ്യദ്രോഹികൾക്ക് കഴിയില്ല. സ്വന്തം രാജ്യത്തെ വിമർശിക്കാൻ വിദേശത്ത് പോകുന്നവർക്ക് അതിൻ്റെ അന്തസത്ത മനസിലാവില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
ടെക്സാസിലെ ഡാലസിൽ പ്രവാസികളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ബിജെപി നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ബിജെപി നേതാവ് അമിത് മാളവ്യയടക്കം പ്രതിപക്ഷ നേതാവിന്‍റെ അമേരിക്കൻ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു ഒറ്റ ആശയത്തിൻ മേലാണ് ഇന്ത്യ നില നിൽക്കുന്നു എന്നാണ് ആർഎസ്എസിൻ്റെ വിശ്വാസം. എന്നാൽ ഇന്ത്യയുടെ അടിത്തറ ബഹുസ്വരതയിലാണ് എന്നതാണ് ഞങ്ങളുടെ വിശ്വാസം എന്നായിരുന്നു രാഹുലിൻ്റെ പരാമർശം. ജാതി, ഭാഷ, മതം, ആചാരം, ചരിത്രം എന്നിവയ്ക്ക് അതീതമായി ഓരോ വ്യക്തികൾക്കും സ്ഥാനം നൽകണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സ്നേഹം, ബഹുമാനം, വിനയം എന്നിവ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇല്ലാതായിരിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള ഭയം ജനങ്ങൾക്ക് ഇല്ലാതായി. ഇത് രാഹുൽ ഗാന്ധിയുടെയോ കോൺഗ്രസ് പാർട്ടിയുടെയോ വലിയ നേട്ടങ്ങളല്ല. ജനാധിപത്യത്തെ തിരിച്ചറിഞ്ഞ ഇന്ത്യയിലെ ജനങ്ങളുടെ വലിയ വിജയമാണത്. മോദി ഭരണത്തില്‍ രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കപ്പെടുന്നത് ഇന്ത്യയിലെ ജനകോടികള്‍ തിരിച്ചറിഞ്ഞു. അത് അംഗീകരിക്കാൻ തയ്യാറാവാതിരുന്നവരുടെ നേട്ടമാണ് ഇതെന്നും രാഹുൽ പറഞ്ഞു.