India
ഭരണഘടനയുടെ പോക്കറ്റ് സൈസ് പതിപ്പ് ബെസ്റ്റ് സെല്ലര്‍; രാഹുൽ ഗാന്ധി പരിചയപ്പെടുത്തിയ ചുവപ്പ് പുറം ചട്ടയുള്ള പുസ്തകം തിരഞ്ഞെടുപ്പ് കാലത്ത് വിറ്റത് 5000ലധികം കോപ്പി
ചുവന്ന പുറം ചട്ടയുള്ളതും കനം കുറഞ്ഞതുമായ ഇന്ത്യന്‍ ഭരണഘടനയുടെ പതിപ്പാണ് ഈ വര്‍ഷത്തെ പുസ്തക വിപണിയിലെ ബെസ്റ്റ് സെല്ലര്‍. ചൂടപ്പം പോലെയാണ് തിരഞ്ഞെടുപ്പ് കാലത്തും ശേഷവും ഭരണഘടനയുടെ പോക്കറ്റ് സൈസിലുള്ള കോപ്പികള്‍ വിറ്റഴിയുന്നത്. ബിജെപി ഭരണഘടന തിരുത്തി എഴുതാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ മുന്നണിയുടേയും നിരന്തര പ്രചരണങ്ങളാണ് ഭരണഘടന പുസ്തകത്തേയും ലൈംലൈറ്റിലേക്ക് എത്തിച്ചത്.
രാഹുല്‍ ഗാന്ധി പങ്കെടുത്ത എല്ലാ യോഗങ്ങളിലും ഈ പുസ്തകം ഉയര്‍ത്തിക്കാട്ടി ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ ആവശ്യം നിരന്തരമായി പറഞ്ഞിരുന്നു. 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന പൊളിച്ചെഴുതുമെന്ന കര്‍ണാടകത്തില്‍ നിന്നുള്ള ഒരു ബിജെപി നേതാവ് പ്രസ്താവന നടത്തിയിരുന്നു. ഇതോടെയാണ് ഭരണഘടന ഒരു തിരഞ്ഞെടുപ്പ് വിഷയമായി മാറിയത്. ചുവപ്പും കറുപ്പും കലര്‍ന്ന പുറംചട്ടയുള്ള ചൈനീസ് ഭരണഘടനയുമായാണ് രാഹുല്‍ ഗാന്ധി നടക്കുന്നതെന്നെല്ലാം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു നോക്കിയെങ്കിലും ഏശിയില്ല.
ലക്നൗ ആസ്ഥാനമായ ഈസ്റ്റേണ്‍ ബുക്ക് കമ്പനിയാണ് (ഇബിസി) ഈ ഭരണഘടനാ പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം 5000 കോപ്പികള്‍ വിറ്റഴിഞ്ഞുവെന്നാണ് ഇബിസി ഉടമകള്‍ പറയുന്നത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രമണ്യമാണ് പോക്കറ്റ് സൈസ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. 716 മുതല്‍ 750 രൂപ വരെയാണ് ഓണ്‍ലൈനില്‍ പുസ്തകത്തിന്റെ വില.