India

അസമിലെത്തി രാഹുല്‍ ഗാന്ധി; ഡിസാസ്റ്റര്‍ ടൂറിസമെന്ന് പരിഹസിച്ച് ബിജെപി

Posted on

പ്രളയ ദുരിതത്തിലായ അസമിലെത്തി രാഹുല്‍ ഗാന്ധി. സില്‍ചാറിലെത്തിയ രാഹുല്‍ ലഖിംപുര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. പ്രളയബാധിതരെ നേരില്‍ കണ്ടു. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് അസമില്‍ വലിയ പ്രളയമാണ് ഉണ്ടായിരിക്കുന്നത്. 28 ജില്ലകളിലായി 22.70 ലക്ഷം പേരാണ് മണ്ണിടിച്ചിലും പ്രളയക്കെടുതിയും മൂലം ദുരിതം അനുഭവിക്കുന്നത്. 78 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ അസം സന്ദര്‍ശനത്തെ ബിജെപി പരിഹസിച്ചു. ബാലമനസുള്ളയാളുടെ ഡിസാസ്റ്റര്‍ ടൂറിസമാണ് നടക്കുന്നതെന്നാണ് ബിജപി നേതാവ് അമിത് മാളവ്യ പരിഹസിച്ചിരിക്കുന്നത്. മണിപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് രാഹുല്‍ ഗാന്ധി അസമിലും സന്ദര്‍ശനം നടത്തിയത്. ഇന്ന് മണിപ്പൂരിലെത്തുന്ന രാഹുല്‍ ഗാന്ധി കലാപത്തിന്റെ ഇരകളായവര്‍ താമസിക്കുന്ന മൂന്ന് ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കും. വൈകീട്ട് ആറുമണിക്ക് രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. 6.40-ന് പി.സി.സി. ഓഫീസില്‍ വാര്‍ത്താസമ്മേളനവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ലോക്സഭാ പ്രതിപക്ഷനേതാവായ ശേഷം ആദ്യമായാണ് രാഹുല്‍ മണിപ്പൂരിലെത്തുന്നത്. നേരത്തെ രണ്ട് തവണ രാഹുല്‍ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.ഹിന്ദു വിഭാഗത്തില്‍പ്പെട്ട മെയ്‌തേയ്ക്കാരും ക്രൈസ്തവരായ കുക്കി വിഭാഗക്കാരും തമ്മിലുള്ള വംശീയ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനാണ് ആരംഭിച്ചത്. ഇപ്പോഴും അതിന്റെ അലയോലികള്‍ അടങ്ങിയിട്ടില്ല. മെയ്‌തേയ് വിഭാഗക്കാരെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തി പ്രാപിച്ച ഘട്ടത്തിലാണ് കലാപം പൊട്ടിപ്പുറപ്പെടുന്നത്. രണ്ട് കുക്കി സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. കലാപത്തെ തുടര്‍ന്ന് 40000ത്തിലധികം പേരാണ് പലായനം ചെയ്യപ്പെട്ടത്. 250ലധികം ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ തീയിട്ട് നശിപ്പിച്ചു, 200ലധികം പേര്‍ കലാപത്തില്‍ കൊല ചെയ്യപ്പെട്ടെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. അനേകായിരങ്ങള്‍ ഇപ്പോഴും ക്യാംപുകളിലും മറ്റുമായി കഴിയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version