India
വിവാഹത്തിന് പ്ലാനുണ്ടോ? തുറന്നുപറഞ്ഞ് രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രായം 54 ആയി. വിവാഹം എന്നാണെന്ന ചോദ്യം പലതവണ രാഹുലിനോട് പലരും ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് നടക്കുമ്പോൾ നടക്കട്ടെ എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത്തവണ കശ്മീരിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് രാഹുലിനോട് എപ്പോഴാണ് വിവാഹം എന്നു ചോദിച്ചിരിക്കുന്നത്.
രാഷ്ട്രീയം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് വിദ്യാർത്ഥിനികൾ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങൾ ചോദിച്ചു. അതിനുശേഷമായിരുന്നു വിവാഹത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നത്. വിവാഹത്തെക്കുറിച്ച് താങ്കൾ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു ഒരു വിദ്യാർത്ഥിനി ചോദിച്ചത്. 20-30 വർഷമായി ഞാൻ ഈ ചോദ്യം കേൾക്കുന്നുണ്ട്. വിവാഹമെന്നത് നല്ലൊരു കാര്യമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.
സാർ, താങ്കൾക്ക് വിവാഹം കഴിക്കാൻ പ്ലാനുണ്ടോ എന്നായിരുന്നു മറ്റൊരു വിദ്യാർത്ഥിനിയുടെ ചോദ്യം. പ്ലാനൊന്നുമില്ല, സംഭവിച്ചാൽ നടക്കട്ടെയെന്ന് രാഹുൽ മറുപടി പറഞ്ഞു. ഇതുകേട്ടതും വിവാഹത്തിന് ക്ഷണിക്കണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടു. ഉറപ്പായും ക്ഷണിക്കാമെന്ന് രാഹുൽ വാക്കു കൊടുക്കുകയും ചെയ്തു.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ രാഹുൽ ഗാന്ധി വിദ്യാർത്ഥിനികളുമായി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇതിനോടകം 4 മില്യൻ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.