Kerala
പി വി അൻവർ എംഎൽഎ തിരുവന്തപുരത്തെത്തും; മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് പരാതി നൽകാൻ സാധ്യത
തിരുവനന്തപുരം: കേരള പൊലീസിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് ശേഷം ഇതാദ്യമായി പി വി അൻവർ എംഎൽഎ തിരുവനന്തപുരത്തേക്ക്. ഇന്ന് തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകും എന്നാണ് ഇന്നലെ വാർത്താസമ്മേളനത്തിൽ പി വി അൻവർ അറിയിച്ചത്.
എത്ര മണിക്ക് മുഖ്യമന്ത്രിയെ കാണുമെന്നും പരാതി നൽകുമെന്നും ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതുവരെ ഉയർത്തിയത് വാർത്താസമ്മേളനങ്ങളിലൂടെയുള്ള ആരോപണങ്ങൾ ആയിരുന്നുവെങ്കിൽ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുന്നതോടെ അതൊരു നിർണായക നീക്കം ആവും.
അന്വേഷണ സംഘത്തെ നിശ്ചയിച്ചുവെങ്കിലും എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാത്തതിലും എസ്പി സുജിത്ത് ദാസിനെ സ്ഥലം മാറ്റത്തിലൊതുക്കിയതിലും പി വി അൻവറിന്റെ പ്രതികരണം നിർണായകമാണ്. അൻവറിന് വിഷയത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ഗുരുതര ആരോപണമുന്നയിച്ച മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ മാറ്റാനും സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം കെ ടി ജലീലും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ജലീൽ മുഖ്യമന്ത്രിയെ കാണുന്നത്. ഉദ്യോഗസ്ഥർക്കിടയിലെ കള്ള നാണയം തുറന്നു കാട്ടുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ ടി ജലീലും പ്രഖ്യാപിച്ചിരുന്നു.