Kerala
കോട്ടക്കൽ സ്റ്റേഷനിലെ കെട്ടിട നിർമാണം; സുജിത് ദാസ് പണപ്പിരിവ് നടത്തി, നിർമാണം അനധികൃതം: പിവി അൻവർ
മലപ്പുറം: സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ കെട്ടിടം നിർമ്മിച്ചത് സർക്കാരിൻറെ യാതൊരു അനുമതിയും ഇല്ലാതെയാണെന്ന് പി വി അൻവർ എംഎൽഎ. പൊലീസിലെ തന്നെ ചിലരാണ് തനിക്ക് വിവരം നൽകിയതെന്നും എല്ലാ പൊലീസ് സ്റ്റേഷനുകളിലും കെട്ടിടം നിർമ്മിക്കാത്തത് നാടിന്റെ ഭാഗ്യമെന്നും കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തിയശേഷം പി വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
കോട്ടക്കലിലെ വ്യാപാരികളിൽ നിന്നും മറ്റുമായി നാടുനീളെ പണപ്പിരിവ് നടത്തി നിർമിച്ച കെട്ടിടമാണ്. ഇന്നലത്തെ മൊഴിയെടുപ്പിൽ കൃത്യമായി വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ കെട്ടിടത്തിന്റെ ഫലകത്തിൽ എവിടെ നിന്നും പണം ലഭിച്ചു എന്നത് എഴുതിയിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ ഡിജിപിയുടെ കള്ളത്തരങ്ങൾക്ക് കൂട്ടുനിന്ന് നിർമിച്ച കെട്ടിടമാണ്. സുജിത് ദാസിന്റെ മാഗ്‌നറ്റിക് പവർ ഇപ്പോഴും എയർ പോർട്ടിൽ നിന്നും മാറിയിട്ടില്ല. ഒരു ക്രിമിനൽ സംഘം ആകെ വലിഞ്ഞു മുറുക്കുകയാണ്. എങ്ങനെയും പണം ഉണ്ടാക്കണമെന്നാണ് അവരുടെ ലക്ഷ്യം. തോക്ക് ലൈസൻസിനുള്ള നടപടികൾ തുടരുകയാണെന്നും ഉടൻ ലഭിക്കുമെന്നും പറഞ്ഞ അൻവർ ഭയം ഉണ്ടായിട്ടല്ല തോക്ക് ലൈസൻസിന് അപേക്ഷിച്ചതെന്നും വ്യക്തമാക്കി.
അതേസമയം, പത്തനംതിട്ട ജില്ലാ മേധാവിയായിരുന്ന സുജിത് ദാസ് സസ്‌പെന്‍ഷനിലാണ്. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയെ തുടര്‍ന്നാണ് നടപടി. സുജിത് ദാസ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പി വി അന്‍വറുമായുള്ള സംഭാഷണം പൊലീസിന് നാണക്കേട് ഉണ്ടാക്കിയെന്നും എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതരമായ ചട്ടലംഘനാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു