Kerala

ഇഡ്ഡലി ശരണിനെ ഭാരവാഹിയാക്കി; കാപ്പ പ്രതിക്ക് ചുമതല നല്‍കിയതില്‍ ഡിവൈഎഫ്ഐയില്‍ പ്രതിഷേധം

Posted on

രണ്ട് മാസം മുമ്പ് സിപിഎമ്മിൽ ചേർന്ന കാപ്പ പ്രതി ഇഡ്ഡലി ശരൺ എന്ന ശരൺ ചന്ദ്രനെ ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖലാ വൈസ് പ്രസിഡൻ്റായി നിയമിച്ചു. ഇന്നലെ ചേർന്ന മേഖലാ കമ്മറ്റി യോഗത്തിലാണ് ശരണിനെ ഭാരവാഹിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലേയും ഡിവൈഎഫ് ഐയിലേയും വലിയൊരു വിഭാഗത്തിന് ഇയാളെ നിയമിച്ചതിൽ എതിർപ്പുണ്ട്.

ബിജെപി അനുഭാവിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഇഡ്ഡലി എന്നറിയപ്പെടുന്ന ശരൺ ചന്ദ്രനും കൂട്ടരും ജൂലൈ ഏഴിനാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ആരോഗ്യ മന്ത്രി വീണ ജോർജിൻ്റേയും ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്‍റെയും സാന്നിധ്യത്തിലാണ് പാർട്ടിയിൽ ചേർന്നത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം 12ലധികം കേസുകളിൽ പ്രതിയാണ് ഇയാൾ.

കഴിഞ്ഞ 29ന് രാത്രി ഒരു വീട്ടിലെ സൽക്കാര ചടങ്ങിനു ശേഷം ശരൺ ബിയർ കുപ്പികൊണ്ട് തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചതായി മുണ്ടുകോട്ടക്കൽ സ്വദേശി രാജേഷ് പത്തനംതിട്ട പോലീസിനു പരാതി നൽകിയിരുന്നു. പരാതിക്കാരൻ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. അന്ന് രാത്രി മൈലാടും പാറയിൽ വച്ച് തന്റെ സുഹൃത്തിനെ ദേഹോപദ്രവം ഏൽപിക്കുന്നത് തടയാൻ ശ്രമിച്ച തന്നെ ബിയർ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ചും മുഖത്ത് ഇടിച്ചും പരുക്കേൽപിച്ചതായാണു പരാതി. ഇക്കാര്യം പോലീസിൽ അറിയിച്ചാൽ കൊല്ലുമെന്നു ഭീഷണി മുഴക്കിയതായും രാജേഷ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.

ബിജെപി വിട്ടുവന്ന 60 ലധികം പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു. അന്ന് പാർട്ടിയിൽ ചേ‍ർന്നവരിൽ പ്രധാനി ശരൺ ചന്ദ്രൻ കാപ്പ പ്രതിയെന്ന വിവരം പുറത്തുവന്നത് പാര്‍ട്ടിക്ക് തിരിച്ചടിയായിരുന്നു. ഇവരില്‍ ഒരാൾ കഞ്ചാവ് കേസ് പ്രതിയും മറ്റൊരാൾ പിടികിട്ടാപ്പുള്ളിയുമായിരുന്നു.

തെറ്റായ രാഷ്ട്രീയവും നിലപാടുകളും പിന്തുടർന്നവർ അതുപേക്ഷിച്ചാണ് സിപിഎമ്മിന്റെ ഭാഗമായതെന്നായിരുന്നു മന്ത്രി വീണാ ജോർജ് ന്യായീകരിച്ചത്. ഇഡ്ഡലിക്കും കൂട്ടർക്കും അംഗത്വം നൽകിയ ചടങ്ങിൽ മന്ത്രി മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കാപ്പ ചുമത്തിയാൽ ജീവിതകാലം മുഴുവൻ പ്രതിയാകില്ലെന്നാണ് ജില്ലാ സെക്രട്ടറി ഉദയഭാനു വിശദീകരിച്ചത്. തെറ്റുതിരുത്തൽ പ്രക്രിയ നടത്തി പാർട്ടി ശുദ്ധീകരിക്കുമെന്ന് വിശദീകരിക്കുന്നതിന് ഇടയിലാണ് ഇത്തരം ക്രിമിനലുകളെ പാർട്ടി ഭാരവാഹിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version