India
രാഹുൽ ഒഴിയുന്ന സീറ്റിൽ പ്രിയങ്ക? വയനാടോ റായ്ബറേലിയോ എന്നതിൽ പ്രഖ്യാപനം നാളെ
കല്‍പ്പറ്റ: രാഹുൽ ഗാന്ധി വായനാട് മണ്ഡലം ഒഴിയുന്നതിൽ നേതൃത്വത്തിൽ ഏകദേശ ധാരണയായതിന് പിന്നാലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി വരുമെന്ന അഭ്യൂഹങ്ങൾ ശക്തം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുൽ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാർട്ടിയെ ശക്തിപെടുത്താൻ റായ്ബറേലിയിൽ തന്നെ തുടരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം.
നേരത്തെ പ്രിയങ്കാ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുമെന്നും രാഹുൽ സ്മൃതി ഇറാനിയിൽ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാൻ അമേഠിയിൽ മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ രാഹുൽ റായ്ബറേലിയിലേക്ക് മാറുകയും പ്രിയങ്ക മത്സരിക്കാതെ പ്രചാരണ പരിപാടികളിൽ സജീവമായി നിലകൊള്ളുകയും ചെയ്തു. ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു അന്ന് പ്രിയങ്ക.
എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി സീറ്റ് ഒഴിയുകയാണെങ്കിൽ പകരം പ്രിയങ്കയെ കൊണ്ട് വരണമെന്നാണ് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യം. റായ്ബറേലിയിലെയും വയനാട്ടിലെയും ജനങ്ങൾക്ക് സന്തോഷമാകുന്ന ഒരു തീരുമാനമെടുക്കുമെന്നാണ് വോട്ടർമാർക്ക് നന്ദി പറഞ്ഞുള്ള മണ്ഡലത്തിലെ സന്ദർശന വേളയിൽ രാഹുൽ പറഞ്ഞിരുന്നത്. ഇത് പ്രിയങ്കയുടെ സ്ഥാനാർത്ഥിത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് എന്നാണ് ചില രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.