Kerala

തൃശ്ശൂര്‍ പൂരം കലക്കല്‍; രാഷ്ട്രീയ ഗുഢാലോചന പുറത്തുവരണം, ഉത്തരവാദിത്തം സര്‍ക്കാരിന്: വി എസ് സുനില്‍ കുമാർ

Posted on

തൃശ്ശൂര്‍: തൃശ്ശുര്‍ പൂരം അലങ്കോലമായതിന് പിന്നിലെ രാഷ്ട്രീയ ഗുഢാലോചന പുറത്തുവന്നേ മതിയാവൂ എന്ന് വി എസ് സുനില്‍ കുമാര്‍. പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അടുത്ത പൂരം വരും മുമ്പ് ഈ പ്രശ്‌നത്തിന് വ്യക്തത ഉണ്ടാവണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പൂരം അലങ്കോലപ്പെട്ടത് സംബന്ധിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. സര്‍ക്കാര്‍ അതിന്മേല്‍ എന്ത് ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ മാത്രമെ പ്രതികരിക്കാനാകൂ. ഉള്ളടക്കം പരിശോധിക്കാന്‍ സമയം വേണം. 1200 പേജുണ്ട്. എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളേണ്ടതാണോ കൂടുതല്‍ നടപടി ആവശ്യമാണോ എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ പഠിച്ച് അഭിപ്രായം പറയാമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

വിവരാവകാശപ്രകാരം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൂരം അലങ്കോലമാക്കിയത് ആസൂത്രിതമാണെന്ന ചര്‍ച്ച സമൂഹത്തില്‍ നടക്കുന്നുണ്ട്. ബിജെപി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ തനിക്കെതിരെയും ഇടതുപക്ഷത്തിനെതിരെയും ആക്ഷേപങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഢാലോചന പുറത്തുവന്നേ മതിയാവുള്ളൂ. അത് പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്.
എത്രകാലം കഴിഞ്ഞാലും പൂരത്തെ സംബന്ധിച്ച് അന്വേഷിച്ചേ മതിയാവൂ. അടുത്ത പൂരം വരും മുമ്പ് ഈ പ്രശ്‌നത്തിന് വ്യക്തത ഉണ്ടാവണം. തര്‍ക്കം ഉണ്ടാകാന്‍ പാടില്ല. സുഖമമായി പൂരം നടത്തണം. തൃശ്ശൂര്‍ പൂരത്തെ രാഷ്ട്രീയ കരുവാക്കിയോ എന്ന് ജനം അറിയണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

പൂരം കലക്കല്‍ വിവാദം കനക്കുന്നതിനിടെ, സുരേഷ് ഗോപിയെ തര്‍ക്കം നടക്കുന്ന പൂരനഗരിയിലേക്ക് ആംബുലന്‍സില്‍ എത്തിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ആര്‍എസ്എസ് ബന്ധമുള്ള വരാഹി ഏജന്‍സിയുടെ കോര്‍ഡിനേറ്റര്‍ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്. പൂരപ്പറമ്പിലെ ഇടപെടല്‍ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്‌സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹിക്ക് വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് ജയകുമാര്‍ എം ആര്‍ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version