Kerala
പോലീസുകാർക്ക് സങ്കടമുണർത്തിക്കാൻ പുതിയ ത്രിതല സംവിധാനം; ഓൺഡ്യൂട്ടിയിൽ തലസ്ഥാനത്തെത്തി ‘ഇൻ പേഴ്സൺ’ ആയും പരാതി അറിയിക്കാം
പോലീസുകാരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങളുയരുന്ന സാഹചര്യത്തിൽ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും പല തലങ്ങളിൽ സൗകര്യമൊരുക്കി പോലീസ് വകുപ്പ്. സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ മുതൽ എഡിജിപി തലത്തിൽ വരെ പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും നേരിട്ട് പരാതി ബോധിപ്പിക്കാം എന്നതാണ് ഇതിലെ പുതുമ.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ ഇത് സംബന്ധിച്ച സർക്കുലർ ജില്ലാ പോലീസ് മേധാവിമാർക്കും റേഞ്ച് ഐജിമാർക്കും ഇന്നലെ വൈകിട്ടോടെ അയച്ചു. ‘കാവൽ കരുതൽ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉടനടി എല്ലാ ജില്ലകളിലും തുടങ്ങിവയ്ക്കാനാണ് നിർദേശം.
സ്റ്റേഷൻ തലത്തിൽ രൂപീകരിക്കുന്ന സമിതിയിൽ എസ്എച്ച്ഒ, റൈറ്റർ, ഒരു വനിതാ ഉദ്യോഗസ്ഥ എന്നിവരെ കൂടാതെ അതത് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനും പോലീസ് അസോസിയേഷൻ പ്രതിനിധിയും ഉൾപ്പെടും. അവസാനത്തെ രണ്ടുപേരുടെ പങ്കാളിത്തം ഇത്തരം സമിതിയിൽ പതിവുള്ളതല്ല. അതുകൊണ്ട് തന്നെ സാധാരണ പോലീസുകാർ സ്വാഗതം ചെയ്യുന്നതാകും. പരാതിക്കാരെ കേൾക്കാൻ വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതരക്ക് എല്ലാവരും ഒന്നിച്ചിരിക്കണം. എസ്എച്ച്ഒക്ക് അസൗകര്യം ഉണ്ടായാൽ മറ്റാരെയും ഏൽപിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. പുതിയ സംവിധാനം പൊസിറ്റീവാണെന്ന പ്രതീതിയാണ് ഈ നിർദേശം ഉണ്ടാക്കുന്നത്.
ഇവിടെ പരിഹരിക്കാൻ കഴിയാത്ത പരാതികൾ ജില്ലാ പോലീസ് മേധാവിക്ക് അയച്ചാൽ അവിടെയും തിങ്കളാഴ്ചകളിൽ ഈ മട്ടിൽ പരാതിക്കാരെയും കുടുംബാംഗങ്ങളെയും കേൾക്കാൻ എസ്പി അടക്കം എല്ലാവരും ഒന്നിച്ചിരിക്കും. എസ്പിക്ക് അസൗകര്യം ഉണ്ടായാൽ മറ്റാരെയും ഏൽപിക്കരുത്, സൗകര്യപ്രദമായ ഏറ്റവുമടുത്ത സമയം നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.