Kerala

ചോദിച്ചത് 57 കോടി, കിട്ടിയത് 26 കോടിയും വിമര്‍ശനവും; ഇന്ധനം അടിക്കാന്‍ പോലുമാകാതെ കേരളാ പൊലീസ്

Posted on

തിരുവനന്തപുരം: കടബാധ്യത തീര്‍ക്കാന്‍ 57 കോടി രൂപ നല്‍കണമെന്ന കേരള പൊലീസിന്‍റെ ആവശ്യം അംഗീകരിക്കാതെ ധനവകുപ്പ്. കുടിശിക തീർക്കാതെ പൊലീസ് വാഹനങ്ങളിൽ ഇന്ധനം നൽകില്ലെന്ന സാഹചര്യം അടക്കം നിലനിൽക്കുന്നതിനാല്‍ സംസ്ഥാന സർക്കാരിനോട് കടബാധ്യത തീർക്കാനുള്ള തുക പൊലീസ് മേധാവി ആവശ്യപ്പെടുകയായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ ആവശ്യം തള്ളിയ സംസ്ഥാന സര്‍ക്കാര്‍ 26 കോടി മാത്രമാണ് അനുവദിച്ചത്.

തുക ചെലവാക്കുന്നതില്‍ പൊലീസിനെതിരെ വിമര്‍ശനം നടത്തിയാണ് 26 കോടി ധനവകുപ്പ് അനുവദിച്ചത്. ഭരണാനുമതി ഇല്ലാതെ പണം ചെലവഴിക്കുന്നുവെന്നാണ് പൊലീസിനെതിരായ വിമർശനം. ഇതാണ് കുടിശികയുണ്ടാകാൻ കാരണമെന്നും ഭരണാനുമതി ഇല്ലാത്ത കുടിശികകൾ ഇനി അനുവദിക്കില്ലെന്നുമാണ് ധനവകുപ്പ് അറിയിച്ചിരിക്കുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കാണ് തുക ആവശ്യപ്പെട്ടത്. സർക്കാർ അനുവദിച്ച തുക അപര്യാപ്തമാണെന്നും പൊലീസ് മേധാവി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചിരുന്നു. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലീസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version