Kerala
ഉത്സവ പരിപാടിക്കിടെ ആർഎസ്എസ് പ്രവർത്തകനെ കുത്തിവീഴ്ത്തിയ സംഭവം; രണ്ടുപേരെ കൂടെ പിടികൂടി പോലീസ്
തിരുവനന്തപുരം: കാട്ടാക്കടയിൽ അമ്പലത്തിൻകാലയിൽ ഉത്സവ പരിപാടിക്കിടെ നൃത്തം വിലക്കിയതിന് ആർ.എസ്.എസ്. മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ തറയോടിന്റെ കഷണം കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ കൂടി കാട്ടാക്കട പോലീസിന്റെ പിടിയിൽ ചെയ്തു. അമ്പലത്തിൻകാല പുലിമുട്ടം ഉത്രാടം ഹൗസിൽ ജിത്തു എന്ന അഭിജിത്(25), പാറച്ചൽ പേരൂർക്കോണം ഓടൽവിളാകം വീട്ടിൽ അരവിന്ദ്(27) എന്നിവരാണ് പിടിയിലായത്.
മൂന്ന് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയാണ് കീഴാറൂർ കാഞ്ഞിരംവിള ശക്തിവിനായക ക്ഷേത്ര ഘോഷയാത്രയ്ക്ക് അമ്പലത്തിൻകാലയിൽ നൽകിയ വരവേൽപ്പിന് ശേഷം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിഷ്ണുവിനെ അമ്പലത്തിൻകാല ക്ഷേത്രത്തിന് മുന്നിൽ വച്ചാണ് പ്രതികൾ തടഞ്ഞുനിർത്തി മർദിക്കുകയും, തറയോടിന്റെ കഷണംകൊണ്ട് കുത്തുകയും ചെയ്തത്. 10 പേർ പ്രതികളായ കേസിൽ ഇനി അഞ്ചുപേരെ കൂടി പിടികൂടാനുണ്ട്. അറസ്റ്റിലായവരെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.