Kerala

പി.കെ.ശശിക്ക് ഗണേഷ് കുമാറിൻ്റെ ക്ലീൻ സർട്ടിഫിക്കറ്റ് !! ‘ശശിയെപ്പോലൊരു നല്ല മനുഷ്യനെ കണ്ടിട്ടില്ല’

Posted on

സിപിഎമ്മില്‍ നിന്നും കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായ കെടിഡിസി ചെയര്‍മാനും പാലക്കാട്ടെ മുതിര്‍ന്ന നേതാവുമായ പി.കെ.ശശിക്ക് പിന്തുണയുമായി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ശശിയെപ്പോലെ നല്ലൊരു മനുഷ്യനെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും നല്ലത് ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പി.കെ.ശശി അധ്യക്ഷനായ പാലക്കാട് യൂണിവേഴ്സൽ കോളേജിലെ പരിപാടിക്കിടെയാണ് ശശിയെ പിന്തുണച്ച് മന്ത്രി പ്രസംഗിച്ചത്.

“ശശി നല്ല മനുഷ്യനാണ്. അഭിമാനത്തോടെ ഞാന്‍ എവിടെയും പറയും. എംഎല്‍എയായപ്പോഴും അല്ലാത്തപ്പോഴും അദ്ദേഹം രാഷ്ട്രീയം നോക്കാതെ പാവങ്ങളെ സഹായിക്കുന്നതില്‍ മുന്നില്‍ നിന്നു. കായുള്ള മരത്തില്‍ കല്ലെറിഞ്ഞാല്‍ മാത്രമേ ആരെങ്കിലും എറിഞ്ഞ് എന്ന് അറിയുകയുള്ളൂ. ശശിയുടെ പ്രവര്‍ത്തനങ്ങളില്‍ കരിവാരിത്തേക്കാന്‍ വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതില്‍ സത്യമില്ല എന്ന് അറിയുന്നതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്.” – ഗണേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പി.കെ.ശശിക്ക് നേരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി വന്നത്. മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഫണ്ട് തിരിമറി നടത്തി, ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും ക്രമക്കേട് നടത്തി എന്നൊക്കെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവര്‍ അടങ്ങുന്ന അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും മുന്‍പ് നടത്തിയ തെളിവെടുപ്പുമെല്ലാം പരിഗണിച്ചാണ് നടപടി വന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം വന്നത്.

ശശിക്ക് എതിരെ 2018ൽ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണം വ്യാപക ചർച്ചയായതാണ്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതിയാണ് അന്ന് പാർട്ടിക്ക് പരാതി നല്‍കിയത്. പാർട്ടി നിയോഗിച്ച കമ്മിഷൻ്റെ കണ്ടെത്തൽ അതിലേറെ ചർച്ചയായതാണ്. തീവ്രത കുറഞ്ഞ പീഡനമാണ് ശശി നടത്തിയത് എന്നായിരുന്നു എ.കെ ബാലൻ, പികെ ശ്രീമതി എന്നിവരടങ്ങിയ പാർട്ടി കമ്മിഷൻ കണ്ടെത്തിയത്. അതിൽ ആറു മാസത്തെ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെടുത്ത ശേഷമാണ് ഇപ്പോഴത്തെ നടപടി. ഇങ്ങനെ, ഒരു നിവൃത്തിയുമില്ലാതെ സ്വന്തം പാർട്ടി തന്നെ പലവട്ടം നടപടിക്ക് വിധേയനാക്കിയ നേതാവിനാണ് ഗണേഷ് കുമാറിൻ്റെ ക്ലീൻ സർട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version