Kerala

നടപടി ശശിക്ക് എതിരെ മാത്രമോ; സിപിഎമ്മില്‍ ഇനിയും തലകള്‍ ഉരുളുമോ

Posted on

സിപിഎമ്മിലെ മുതിര്‍ന്ന നേതാവായ പി.കെ.ശശി പാര്‍ട്ടിയില്‍ നിന്നും പുറത്തേക്കോ? ശശിക്ക് എതിരെ നടക്കുന്ന ശക്തമായ അച്ചടക്ക നടപടി നല്‍കുന്ന സൂചന ഇതാണ്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കാനിരിക്കെ അടിമുടി ശുദ്ധീകരണം വേണം എന്ന ആവശ്യം ശക്തമായിരിക്കെയാണ് കെടിഡിസി ചെയര്‍മാന്‍ കൂടിയായ ശശിക്കെതിരെ അച്ചടക്ക നടപടി വന്നത്.

ഇത് മൂന്നാം തവണയാണ് ശശിക്കെതിരേ പാര്‍ട്ടിനടപടി വരുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നുമാണ് നീക്കിയത്. നേരിടേണ്ടി വരുന്നത് ഇനി തരംതാഴ്ത്തല്‍ നടപടിയാകും. ശശിക്കെതിരെ ലൈംഗികാപവാദം ഉയര്‍ന്നപ്പോള്‍ തീവ്രത കുറഞ്ഞ ലൈംഗികാരോപണമാണ് ഉയര്‍ന്നത് എന്ന് പറഞ്ഞ് പാര്‍ട്ടി തന്നെ സംരക്ഷിച്ച നേതാവിനെയാണ് പാലക്കാട്ടെ അതിരൂക്ഷമായ വിഭാഗീയതയില്‍ സിപിഎം തള്ളിക്കളയുന്നത്.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ടില്‍ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന് പറയുന്നെങ്കിലും വിഭാഗീയത അടിത്തട്ടില്‍ കിടന്നു തിളയ്ക്കുന്നുണ്ട്. ഏരിയാകമ്മിറ്റി ഓഫീസ് നിര്‍മാണത്തില്‍ മാത്രമല്ല ആരോപണം ശശി അധ്യക്ഷനായ യൂണിവേഴ്സല്‍ കോളേജ് നിയമനത്തിലും പാര്‍ട്ടി ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ശശിക്ക് സ്വാധീനമുള്ള യു.ടി.രാമകൃഷ്ണന്‍ സെക്രട്ടറിയായ മണ്ണാര്‍ക്കാട് ഏരിയാകമ്മിറ്റി പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.

ശശിക്ക് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അന്വേഷണത്തിന് സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളായ പുത്തലത്ത് ദിനേശന്‍, ആനാവൂര്‍ നാഗപ്പന്‍ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചിരുന്നു. ഈ റിപ്പോര്‍ട്ടും മുന്‍പ് നടത്തിയ തെളിവെടുപ്പുമെല്ലാം പരിഗണിച്ചാണ് ശശിക്കെതിരെ അച്ചടക്കത്തിന്റെ വാള്‍ ആഞ്ഞുവീശിയിരിക്കുന്നത്. ശശി മാത്രമാണോ ഇനിയും തലകള്‍ ഉരുളുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ പാര്‍ട്ടിക്ക് അകത്തുനിന്നും ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version