Kerala

‘ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല’: തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

Posted on

കൊച്ചി: അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ആ മാതൃക സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതി ഇല്ലാതാക്കണം  ജനങ്ങളെ സേവിക്കാനാണ് ശ്രമിക്കേണ്ടത്, ബുദ്ധിമുട്ടിക്കാൻ അല്ല. കാലം കുറെ കടന്ന് പോയെന്നും ജനങ്ങൾ ഉദ്യോഗസ്ഥരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷകൾ പരിഗണിക്കുന്നതിൽ ഒരു കാലതാമസവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ അദാലത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിലാണ് തദ്ദേശ അദാലത്ത് നടക്കുന്നത്. എറണാകുളം ജില്ലാതല തദ്ദേശ അദാലത്ത് (പഞ്ചായത്ത്, നഗരസഭാ തലം) ഇന്നും കൊച്ചി കോ൪പ്പറേഷൻതല അദാലത്ത് നാളെയും നടക്കും. എറണാകുളം നോർത്ത് ടൗൺഹാളിലാണ് രണ്ട് അദാലത്തുകളും നടക്കുന്നത്. പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ പരാതികളും പുതിയ പരാതികളും അദാലത്തിൽ ഉന്നയിച്ച് പരിഹാരം കാണാം. അദാലത്തിലേക്കുള്ള അപേക്ഷ അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുൻപ് വരെയാണ് വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയം.

ആഗസ്ത് 19ന് പാലക്കാട്, 21ന് തിരുവനന്തപുരം, 22ന് ആലപ്പുഴ, 23ന് കൊല്ലം, 24ന് കോട്ടയം, 29ന് തിരുവനന്തപുരം കോർപറേഷൻ, 30ന് ഇടുക്കി, സെപ്തംബർ 2ന് കണ്ണൂർ, 3ന് കാസർഗോഡ്, 5ന് മലപ്പുറം, 6ന് കോഴിക്കോട്, 7ന് കോഴിക്കോട് കോർപറേഷൻ, 9ന് തൃശൂർ, 10ന് പത്തനംതിട്ട എന്നിങ്ങനെയാണ് അദാലത്തുകൾ.  തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയിട്ടും സമയ പരിധിക്കകം സേവനം ലഭിക്കാത്ത വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാത്ത പരാതികളും നിവേദനങ്ങളും തുടങ്ങിയവയും അദാലത്തിൽ പരിഗണിക്കും. ബിൽഡിംഗ് പെർമിറ്റ്, വ്യാപാര-വാണിജ്യ-വ്യവസായ ലൈസ൯സുകൾ, സിവിൽ രജിസട്രേഷൻ നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ, പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, മാലിന്യ സംസ്കരണം, പൊതു സൗകര്യങ്ങളും സുരക്ഷയും, ആസ്തി മാനേജ്മെന്റ് സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യക്ഷമത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികൾ/നി൪ദേശങ്ങൾ എന്നിവയും പരിഗണിക്കും. ലൈഫ് പുതിയ അപേക്ഷകൾ, അതിദാരിദ്ര്യം പുതിയ അപേക്ഷകൾ, ജീവനക്കാരുടെ സർവീസ് വിഷയങ്ങൾ എന്നിവ പരിഗണിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version