Kerala
മലമുകളിൽനിന്നും റോഡിലേക്ക് പാറ വീണ് പൊട്ടിച്ചിതറി, ഒഴിവായത് വൻ അപകടം
പീരുമേട്: ദേശീയപാതയിൽ മത്തായിക്കൊക്കയിൽ പാറകൾ മലമുകളിൽനിന്നും റോഡിലേക്ക് വീണു. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. പാറ കൂട്ടമായി റോഡിലേക്ക് വീഴുന്ന സമയത്ത് വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായായത്.
ഈ സമയത്ത് ശബരിമല തീർഥാടകരുടെ അടക്കം വലിയ വാഹനത്തിരക്കാണ് റോഡിൽ ഉണ്ടായിരുന്നത്. പാറ വീഴുന്നതിന് മിനിറ്റുകൾ മുൻപ് ഇരുചക്ര വാഹനമടക്കം വാഹനങ്ങൾ റോഡിലൂടെ കടന്നുപോയിരുന്നു. പഞ്ചായത്ത് സ്ഥാപിച്ച ക്യാമറയിൽ പറ വീഴുന്ന ദൃശ്യം ലഭ്യമായി.
റോഡ് നിറയെ പാറ വീണതോടെ ഇതിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പ്രദേശത്ത് മണിക്കൂറുകൾ നീണ്ട ശക്തമായ മഴ പെയ്തിരുന്നു. പോലീസ്, അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തി പാറകൾ റോഡിൽനിന്ന് നീക്കം ചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്.