Kerala
പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി മേഘ്‌ന; മലയാളിത്തിളക്കം
കോഴിക്കോട്: പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചര്‍ച്ചയില്‍ അവതാരകയായി തിളങ്ങി കോഴിക്കോട് ഈസ്റ്റ്ഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥി മേഘ്‌ന എന്‍ നാഥ്. ഹിന്ദി ഉള്‍പ്പടെയുള്ള ഭാഷകളില്‍ മികവോടെ സംസാരിക്കുന്ന മേഘ്‌നയുടെ വീഡിയോ സ്‌കൂള്‍ അധികൃതരാണ് വിദ്യാഭ്യാസമന്ത്രാലയത്തിന് അയച്ചുനല്‍കിയത്. ദിവസങ്ങള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് വേദിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മേഘ്‌ന എത്തിയത്.
കലാ ഉത്സവ് ദേശീയ മത്സരത്തില്‍ സ്വര്‍ണം നേടിയ മൂന്ന് കുട്ടികള്‍ക്ക് പരീക്ഷാ പേ ചര്‍ച്ചയുടെ ആരംഭത്തില്‍ നടന്ന കലാപരിപാടിയില്‍ ഭാഗമായിരുന്നു. കണ്ണൂര്‍ എകെജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗസല്‍ ഫാബിയോ, മലപ്പുറം നെല്ലിക്കുത്ത് വിഎച്ച്എസ്എസിലെ ടി വിദിന്‍, എറണാകുളം എളമക്കര ജിഎച്ച്എസ്എസിലെ എന്‍ ആര്‍ നിരഞ്ജന്‍ എന്നിവരാണവര്‍. ഡല്‍ഹിയിലെ കന്റോണ്‍മെന്റ് കേന്ദ്രീയ വിദ്യാലയ2ലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ കായംകുളം സ്വദേശി നിവേദിത അഭിലാഷ് കേന്ദ്രീയ വിദ്യാലയസംഘതന്റെ കലാസംഘത്തിലും ഭാഗമായി.
പ്രധാനമന്ത്രിയോട് ആദ്യം ചോദിച്ചതും മലയാളി വിദ്യാര്‍ഥിയാണ്. ഒമാന്‍ ദര്‍സെയ്ത് ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി ഡാനിയ ഷാബു വര്‍ഗീസ്. സമൂഹത്തിന്റെ പ്രതീക്ഷകള്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ മേല്‍ പരീക്ഷ സമ്മര്‍ദം സൃഷ്ടിക്കുന്നതെന്നായിരുന്നു ചോദ്യം. കോഴിക്കോട് ഈസ്റ്റിഹില്‍ കേന്ദ്രീയ വിദ്യാലയത്തിലെ തന്നെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ സ്വാതി ദിലീപ് ഉള്‍പ്പടെയുള്ളവരുടെതായിരുന്നു രണ്ടാമത്തെ ചോദ്യം. ഇരുവരും ഓണ്‍ലൈനായാണ് ചോദിച്ചത്.