Kerala
പാറത്തോട് അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി
കോട്ടയം: കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പെന്ന് പരാതി. കാഞ്ഞിരപ്പള്ളി പൊടിമറ്റത്ത് പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ പരാതി നൽകിയത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തു.
കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്റും റിട്ടയേർഡ് പൊലീസുദ്യോഗസ്ഥനുമായ ടി.എം ഹനീഫ സെക്രട്ടറിയും മുൻ പഞ്ചായത്തംഗം സൈമൺ പ്രസിഡൻ്റുമായ സൊസൈറ്റിയുമായി ബന്ധപ്പെട്ടാണ് പരാതി . ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് നിക്ഷേപകനായ എബി ജോൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. പല തവണകളായി 29,25000 രൂപ എബി നിക്ഷേപിച്ചു. ഇടയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ പലിശയിനത്തിൽ തിരികെ നൽകി. പിന്നീട് പക്ഷേ പലിശ ലഭിക്കുന്നത് മുടങ്ങി. ഇതോടെയാണ് എബി അടച്ച തുക മുഴുവനായി തിരികെ ആവശ്യപ്പെട്ടു. പണം ലഭിക്കാത്തതിനെ തുടർന്നാണ് നിയമനടപടിയിലേക്ക് കടന്നത്.
കേസിൽ സ്ഥാപനത്തിലെ ജീവനക്കാരി ഷിബിനയെ ഒന്നാം പ്രതിയും കോൺഗ്രസ് നേതാക്കളായ സൈമൺ ,ഹനീഫ എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. സംഭവത്തിൽ സഹകരണ രജിസ്ട്രാറോട് പൊലീസ് വിവരങ്ങൾ തേടി. അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നേക്കും. സ്ഥാപനം പൊലീസ് സീൽ ചെയ്തു. സ്ഥാപനത്തിനെതിരെ ആറോളം പരാതികൾ പൊലീസിൻ്റെ പരിഗണനയിലാണ്. ലഭിച്ച പരാതികൾ പ്രകാരം കോടികളുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.