Kerala
പമ്പ ഗണപതിക്ഷേത്ര നടപ്പന്തലിൽ ഷൂ ധരിച്ച് കയറി പോലീസ് ഉദ്യോഗസ്ഥർ
പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലിൽ പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് കയറിയതിൽ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുന്നത്. നഗ്നപാദരായിട്ടാണ് തീർത്ഥാടകർ ഗണപതി ക്ഷേത്രത്തിലെത്തുന്നതും പിന്നീട് മലകയറുന്നതും. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് ക്ഷേത്രത്തിന്റെ നടപ്പന്തലിൽ കടന്നത്.
പ്രതിഷേധം ഉയർന്നതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ശബരിമല പോലീസ് കോ- ഓർഡിനേറ്റർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് നടപ്പന്തലിൽ കയറിയത്. ആചാരാനുഷ്ഠാനങ്ങളെ മാനിക്കാത്ത സമീപനം ശബരിമലയിൽ നിയോഗിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ആവർത്തിക്കപ്പെടുന്നതിൽ ഭക്തരും അസ്വസ്ഥരാണ്.
നേരത്തെ സന്നിധാനത്ത് പതിനെട്ടാം പടിയിൽ നിന്ന് പൊലീസുകാർ ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തത് വിവാദമായിരുന്നു. ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചും ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഷൂ ധരിച്ച് ക്ഷേത്ര നടപ്പന്തലിൽ പൊലീസ് കയറിയത്.