Politics
പി ശശിക്കെതിരെ നടപടി ഉണ്ടായേക്കില്ല; ഗുരുതരസ്വഭാവമുളള ആരോപണങ്ങളില്ലെന്ന് വിലയിരുത്തൽ
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിൽ നടപടി ഉണ്ടായേക്കില്ല. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളിൽ നടപടി എടുത്തില്ല എന്ന ആക്ഷേപമല്ലാതെ ശശിക്കെതിരെ ഗുരുതരസ്വഭാവമുളള ആരോപണങ്ങളൊന്നുമില്ലെന്നാണ് വിലയിരുത്തൽ. അൻവർ ഉയർത്തിയ ആക്ഷേപങ്ങൾ സംഘടനാതലത്തിൽ പരിശോധിക്കുമ്പോൾ ശശിക്കെതിരായ ആരോപണങ്ങളും നിരീക്ഷിക്കും. എന്നാൽ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ശശിയെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെവന്ന ആവശ്യം ശക്തമാണ്.
എഡിജിപി എം ആര്‍ അജിത് കുമാറിനെയും ചില പൊലീസ് ഉദ്യോഗസ്ഥരെയും പരാമര്‍ശിച്ച് ഉന്നയിക്കപ്പെട്ട വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതലസംഘം രൂപീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്താതെയാണ് അന്വേഷണം നടക്കുക. ഡിജിപി നേരിട്ടാണ് അന്വേഷണം നടത്തുക.
ഷെയ്ക് ദര്‍വേഷ് സാഹിബ് (ഡിജിപി) ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തോംസണ്‍ ജോസ് (ഡിഐജി, തൃശൂര്‍ റേഞ്ച്), എസ്. മധുസൂദനന്‍ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്പി, എസ്എസ്ബി ഇന്റലിജന്‍സ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാണ് രൂപീകരിക്കുക.
അജിത് കുമാറിനെ മാറ്റാത്ത പോലെ തന്നെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും സ്ഥാനത്ത് നിന്ന് മാറ്റില്ല. എംആര്‍ അജിത്ത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റിയാല്‍ പി ശശിയെയും മാറ്റേണ്ടി വരുമെന്നതാണ് ഇരുവരെയും നിലനിര്‍ത്തിക്കൊണ്ട് അന്വേഷണം നടത്താനുള്ള തീരുമാനത്തിന് പിന്നില്‍.
എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ സസ്പെൻഷനിലായ എസ്പി സുജിത്ത് ദാസിനെ പത്തനംതിട്ട ജില്ലാ പൊലിസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റി. പൊലീസ് ആസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാൻ ഉത്തരവുണ്ട്. വി ജി വിനോദ് കുമാറാണ് പത്തനംതിട്ടയിലെ പുതിയ ജില്ലാ പൊലിസ് മേധാവി.
സ്പി ക്യാംപ് ഓഫീസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിൻവലിച്ചാൽ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി വി അൻവറിനെ ഫോണിൽ വിളിച്ചുസംസാരിക്കുന്നതിൻ്റെ സംഭാഷണങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് സേനയ്ക്ക് ഇത് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നാണ് അന്വേഷണ റിപ്പോർട്ട്. ഇതിനെ തുടർന്നാണ് നടപടി.