Kerala
ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്; പി കെ ഫിറോസ്
മലപ്പുറം: മലബാറിലെ ജില്ലകളോട് സര്‍ക്കാറിന് അയിത്തമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കലക്ടറേറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ വിദ്യാര്‍ഥികളോട് വിവേചനം കാണിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ നിരന്തരം അവഗണിക്കുന്നു. ലീഗ് വിദ്യാഭാസ വകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ആര്‍ക്കും സിറ്റീന് വേണ്ടി സമരം ചെയ്യേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിൻ്റേത് ഇരട്ട നീതിയാണ്.
പെണ്‍കുട്ടികള്‍ വേഷം മാറ്റിയാല്‍ തുല്യതയുണ്ടാകില്ല. ജെൻഡർ ന്യൂട്രാലിറ്റിയല്ല തുല്യതയാണ് വേണ്ടത്. ജെന്റര്‍ ന്യൂട്രാലിറ്റിയില്‍ കണ്‍ഫ്യുഷനാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും അല്ല വേണ്ടത്. സര്‍ക്കാര്‍ ജെൻഡർ കണ്‍ഫ്യുഷന്‍ ഉണ്ടാക്കുന്നു. തുണിക്കടയില്‍ പോലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ വിഭാഗമാണ്. പിന്നെന്തിനാണ് സ്‌കൂളില്‍ പാന്റും ഷര്‍ട്ടുമെന്നും പി കെ ഫിറോസ് ചോദിച്ചു.
രാജ്യസഭാ സീറ്റില്‍ യൂത്ത് ലീഗ് നേരത്തെ ആവശ്യം ഉന്നയിച്ചിരുവെന്നും ഫിറോസ് പറഞ്ഞു. സീറ്റുമായി ബന്ധപ്പെട്ട് ലീഗില്‍ പൊട്ടിത്തെറി ഉണ്ടാവില്ല. ലോക്സഭയില്‍ പരിണിതപ്രജ്ഞരായ നേതാക്കള്‍ വേറെയുമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് ഭാരിച്ച ഉത്തരവാദിത്വമുണ്ട്. അദ്ദേഹത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി യുഡിഎഫിനെ സജ്ജമാക്കാന്‍ നിയോഗിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു. മലബാറിലെ ആറ് ജില്ലകളിലെ കലക്ടറേറ്റുകളിലേക്കും മുസ്ലിം ലീഗിന്റെ മാര്‍ച്ച് നടക്കുന്നുണ്ട്.