Kerala

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

Posted on

കൊച്ചി: അവയവക്കടത്ത് കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപികരിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ പിടിയിലായ പ്രതി സാബിത്ത് നാസര്‍ കുറ്റം സമ്മതിച്ചിരുന്നു.

സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവക്കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലെത്തിച്ചുവെന്ന് പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. ഇരകളായവര്‍ക്ക് നല്‍കിയത് ആറു ലക്ഷം രൂപ വരെയാണ്. ഷമീറിനെ തേടി അന്വേഷണസംഘം പാലക്കാട്ടെത്തിയിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ടുമായി ഇയാള്‍ ഒരു വര്‍ഷം മുന്‍പ് നാട് വിട്ടെന്നാണ് ലഭിച്ച വിവരം. ഷമീര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന മൊഴിയും ലഭിച്ചു. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളിലെ യുവാക്കളെ ഇറാനിലേക്ക് അവയവ കൈമാറ്റത്തിനായി കടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അവയവദാനത്തിന് ഇറങ്ങി പിന്നീട് ഏജന്റായി മാറിയെന്നാണ് സാബിത്ത് പൊലീസിന് നല്‍കിയ മൊഴി.

അവയവകച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്‍ഐഎക്ക് നല്‍കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില്‍ നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്. ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കടത്തുന്നത്. എന്നാല്‍ അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്‍കി തിരികെ എത്തിക്കും. ഇറാനിലെ ഫാരീദിഖാന്‍ ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്നാണ് സാബിത്ത് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version