Sports
ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍
സിഡ്‌നി: ടെസ്റ്റ് ക്രിക്കറ്റിന് പുറമെ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. കുടുംബത്തിനായി കൂടുതല്‍ സമയം നീക്കിവെക്കണമെന്നാണ് വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിലെ കാരണമായി താരം പറഞ്ഞത്.
ലോകകപ്പ് സമയത്ത് തന്നെ വിരമിക്കലിനെ കുറിച്ച് ചിന്തിച്ചിരുന്നതായും ഇന്ത്യയില്‍ ലോകകപ്പ് നേടാനായത് വലിയ കാര്യമാണെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. രണ്ട് തവണ ക്രിക്കറ്റ് ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്ന താരം പുതുവര്‍ഷ ദിനത്തിലാണ് വിരമിക്കല്‍ അറിയിച്ചത്. ഏകദിന കരിയറില്‍ 161 മത്സരങ്ങളില്‍ നിന്ന് 45.30 ശരാശരിയില്‍ 97.26 സ്ട്രൈക്ക് റേറ്റില്‍ 6932 റണ്‍സ് വാര്‍ണര്‍ നേടിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച സ്‌കോറര്‍മാരുടെ പട്ടികയില്‍ റിക്കി പോണ്ടിങിന്റെ 29 സെഞ്ച്വറികളുടെ പിന്നില്‍ 22 സെഞ്ച്വറിയുമായാണ് വാര്‍ണറുടെ സ്ഥാനം.ജനുവരി 3 ന് സിഡ്‌നിയില്‍ തുടങ്ങുന്ന പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് മത്സരമാണ് ടെസ്റ്റ് കരിയറിലെ താരത്തിന്റെ അവസാന മത്സരം.