Kerala
എയ്ഡഡ് മേഖലയിലെ സംവരണം: എൻ.എസ്.എസ് നിലപാട് വ്യക്തമാക്കണമെന്ന് എ കെ ബാലൻ
തിരുവനന്തപുരം: എയ്ഡഡ് മേഖലയിലെ സംവരണം സംബന്ധിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കണമെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലൻ. എയ്ഡഡ് മേഖലയിൽ സംവരണം നിഷേധിക്കപ്പെടുന്നെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എയ്ഡഡ് മേഖലയിൽ പട്ടികജാതി-വർഗക്കാർ 0.38 ശതമാനമാണെന്ന കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം, ഇക്കാര്യത്തിൽ സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. അടിച്ചേൽപ്പിക്കാനും പോകുന്നില്ല. സമവായമുണ്ടായാൽ പട്ടികജാതി-വർഗ വിഭാഗങ്ങളിൽ മികച്ചവിദ്യാഭ്യാസം നേടിയ വിദ്യാർഥികൾക്ക് മെറിറ്റിന്റെയും സംവരണത്തിന്റെയും അടിസ്ഥാനത്തിൽ മാന്യമായ ജോലികിട്ടും -എ.കെ. ബാലൻ പറഞ്ഞു.
എക്സാലോജിക് കേസിൽ, സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം മുഖ്യമന്ത്രിയെയും കുടുംബത്തെയും അവഹേളിക്കാനുള്ള ഗൂഢാലോചനയെന്നും എ.കെ. ബാലൻ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസിൽ മുൻകൂട്ടി കോടതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് നടപടി. ഇതിനുപിന്നിൽ ചില ശക്തികളുണ്ട്. അത് പൊതുസമൂഹത്തിനുമുന്നിൽ വ്യക്തമാകും -എ.കെ. ബാലൻ പറഞ്ഞു.