India
‘നിതീഷ് കുമാറിനെ ഇന്ത്യാ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണം’; പിന്തുണയുമായി സമാജ്‌വാദി പാര്‍ട്ടി
ബിഹാർ: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കണമെന്ന് സമാജ് പാർട്ടി നേതാവ് ഐ പി സിങ്. രാജ്യത്തെ ന്യൂനപക്ഷ, ദളിത്, ആദിവാസി വിഭാഗങ്ങള്‍ നിതീഷ് കുമാറിനെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചെന്നും ഐ പി സിങ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് ഇന്ത്യ സഖ്യം കടക്കാനിരിക്കെയാണ് എസ്പിയുടെ അവകാശവാദവും നിതീഷ്‌കുമാറിനുള്ള പിന്തുണയും. ഇന്ത്യാസംഖ്യത്തെ കോണ്‍ഗ്രസിനെയും മറ്റ് ഘടകകക്ഷികളെയും അത്ഭുതപ്പെടുത്തിയുള്ള നീക്കമാണ് എസ്പിയുടേത്. നിതീഷ്‌കുമാറിനൊപ്പം അഖിലേഷ് യാദവ് നില്‍ക്കുന്ന ചിത്രവും ഐ പി സിങ് എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്.
രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ചകളുടെ ഭാഗമായി കോണ്‍ഗ്രസ് രൂപീകരിച്ച ദേശീയ സഖ്യ സമിതി ഇന്ത്യ സഖ്യ പാര്‍ട്ടികളുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തും. നേരത്തെ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക ചര്‍ച്ചകളുടെ തുടക്കമാണിത്. നാളെയും മറ്റന്നാളും വിവിധ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ തുടരും .ബംഗാള്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ സീറ്റ് വിഭജനത്തില്‍ തര്‍ക്കം തുടരുന്നതിനിടെയാണ് നിര്‍ണായ ചര്‍ച്ചകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.