India
വളര്‍ത്ത് നായയുടെ നഷ്ടം സഹിക്കാനായില്ല; പന്ത്രണ്ട് വയസുകാരി ജീവനൊടുക്കി
ന്യൂഡല്‍ഹി: ഹരിയാനയിൽ വളര്‍ത്തുനായ ചത്തുപോയതിന് പിന്നാലെ വിഷമം സഹിക്കാനാവാതെ പന്ത്രണ്ടുവയസുകാരി ജീവനൊടുക്കിയതായി പൊലീസ്. വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മയാണ് മകളെ മരിച്ച നിലയില്‍ കണ്ടെത്തിയത്, ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.
ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് നായ നഷ്ടപ്പെട്ട സങ്കടത്തിൽ ജീവനൊടുക്കിയത്. നായ മരിച്ച അന്നുമുതല്‍ പെണ്‍കുട്ടി വളരെയധികം ടെന്‍ഷനിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് അമ്മയും പെൺകുട്ടിയുടെ സഹോദരിയും പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. വീട്ടിൽ തനിച്ചായിരുന്ന 12 വയസ്സുകാരി നായ നഷ്ടപ്പെട്ട സങ്കടത്തിൽ തളർന്നിരുന്നു. അവളുടെ രോമമുള്ള കൂട്ടുകാരിയില്ലാതെ തീർത്തും ഒറ്റപ്പെട്ടതായി തോന്നി. പിന്നാലെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നുവെന്നാണ് വിവരം.
‘അവൾ കഴിഞ്ഞ മൂന്ന് മാസമായി ഒരു നായ്ക്കുട്ടിയെ വളർത്തിയിരുന്നു, അഞ്ച് ദിവസം മുമ്പ് നായ്ക്കുട്ടി മരിച്ചു. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കുട്ടിയ്ക്ക് സങ്കടം സഹിക്കാനാകുന്നുണ്ടായിരുന്നില്ല. അന്നുമുതൽ കുട്ടിയിൽ വിഷാദ രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ഭക്ഷണം കഴിക്കാതെയായി’, അമ്മ പറഞ്ഞു.