Kerala

കായംകുളത്ത് കാറിൽ അഭ്യാസപ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പും സാമൂഹ്യ സേവനവും ശിക്ഷ

Posted on

ആലപ്പുഴ: കായംകുളത്ത് കാറിൽ അഭ്യാസ പ്രകടനം നടത്തിയ ആറ് പേര്‍ക്ക് നല്ല നടപ്പ് ക്ലാസും സാമൂഹിക സേവനവും ശിക്ഷ നൽകി മോട്ടോര്‍ വാഹന വകുപ്പ്. എടപ്പാളിലെ പരിശീലന കേന്ദ്രത്തിൽ നല്ല നടപ്പ് ക്ലാസിനും കുറ്റിപ്പുറത്തെ പാലിയേറ്റീവ് സെന്ററിൽ സാമൂഹിക സേവനവും ചെയ്യണം. പിടിയിലായ ഏഴ് പേരിൽ 18 വയസ് തികയാത്തയാളെ വിട്ടയച്ച ശേഷം ബാക്കിയുള്ളവര്‍ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ശിക്ഷ വിധിച്ചത്.

കായംകുളത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരാണ് കുറ്റം ചെയ്തത്. പിറകിലെ വാഹനത്തിൽ ഉണ്ടായിരുന്നവർ ഇത് മൊബൈൽ ഫോണിൽ ഷൂട്ട്‌ ചെയ്ത ശേഷം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു.   കായംകുളം എൻഫോഴ്സ്മെന്റ് സ്കോഡ് വൈകിട്ടോടെ  വാഹനം കസ്റ്റഡിയിൽ എടുത്തു. കാറിലുണ്ടടായിരുന്ന 7 പേരെയും കസ്റ്റഡിയിൽ എടുത്തു. ഇവരിൽ ആറ് 18 നും ഇരുപതിനും ഇടയിൽ പ്രായമുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തയാളെ വിട്ടയച്ചു.

ആറ് പേര്‍ക്കും നല്ല നടപ്പ് ക്ലാസും പാലിയേറ്റീവ് സെന്‍ററിൽ സാമൂഹിക സേവനവും ശിക്ഷ വിധിച്ചു. എടപ്പാളിലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ പരിശീലന കേന്ദ്രത്തിലാണ് നല്ല നടപ്പ് ക്ലാസ്.  റോഡ് സുരക്ഷ, ഡ്രൈവ് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകള്‍, വഴിയാത്രക്കാരോട് കാണിക്കേണ്ട അനുകമ്പ എന്നിവയിലാണ് മൂന്ന് ദിവസത്തെ ക്ലാസ്. ഇതിന് ശേഷം 5 ദിവസം കുറ്റിപ്പുറത്തെ പാലിയേറ്റീവ് സെന്‍ററിൽ ഇവര്‍ സാമൂഹിക സേവനം നടത്തണം. കഴിഞ്ഞ ആഴ്ചയും ഇതേ റോഡിൽ ഒരു സംഘം അഭ്യാസ പ്രകടനം നടത്തിയിരുന്നു. അവർക്ക് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലും പത്തനാപുരം ഗാന്ധിഭവനിലും സാമൂഹ്യ സേവനം ശിക്ഷയായി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version