Kerala
ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്
തിരുവനന്തപുരം: ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഇത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവര്‍ ഒരുപാട് ഉണ്ട്. ഇരുചക്ര വാഹനം അപകടത്തില്‍ പെടുമ്പോള്‍ ആഘാതം കൂടുതലും ഏല്‍ക്കുന്നത് തലയ്ക്കാണ്. ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെല്‍മറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യമാണ്.
ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല. തെരഞ്ഞെടുത്ത ഹെല്‍മെറ്റ് ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതുമാണെന്ന് ഉറപ്പാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ് ഷീല്‍ഡ് ഉള്ള ഹെല്‍മെറ്റ് മാത്രമേ ധരിക്കാവൂ. ശിരസ്സിന് അനുയോജ്യമായ ഹെല്‍മെറ്റുകള്‍ തെരഞ്ഞെടുക്കുവാന്‍ ആയി ശ്രദ്ധിക്കുക. ഹെല്‍മെറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോള്‍ തലയോട്ടിയില്‍ ഏല്‍ക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാന്‍ സഹായിക്കുന്നു.
മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. അത്തരത്തില്‍ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെല്‍മെറ്റുകള്‍ ധരിച്ച് കൃത്യമായി ധരിച്ച് ചിന്‍ ട്രാപ്പുകള്‍ ഉപയോഗിച്ച് ഹെല്‍മെറ്റ് ശിരസ്സില്‍ മുറുക്കി ഉറപ്പിക്കുവാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തില്‍ ആദ്യം ഹെല്‍മെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണെന്നും മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ കുറിച്ചു.