Kerala

ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടി രാജ്യസഭയിലേക്ക്?

Posted on

കോഴിക്കോട്: യുഡിഎഫില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ ചര്‍ച്ചകള്‍ സജീവമാക്കി മുസ്ലിം ലീഗ്. ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇന്‍ഡ്യാ മുന്നണി അധികാരത്തിലെത്തിയാല്‍ കുഞ്ഞാലിക്കുട്ടിയെ രാജ്യസഭ വഴി കേന്ദ്രമന്ത്രിസഭയിലെത്താമെന്നാണ് കണക്ക് കൂട്ടൽ. രാജ്യസഭ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയെന്ന് പിഎംഎ സലാം വ്യക്തമാക്കി.

സീറ്റ് സംബന്ധിച്ച തീരുമാനം ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലത്തിന്റെകൂടി അടിസ്ഥാനത്തിലാകുമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 4 ന് തിരഞ്ഞെടുപ്പ് ഫലം ഇന്‍ഡ്യമുന്നണിയ്ക്ക് അനുകൂലമാണെങ്കില്‍ നിലവിലെ ചര്‍ച്ചകള്‍ മാറും. കേന്ദ്രമന്ത്രിസഭയില്‍ ഇടം ഉറപ്പിയ്ക്കാനായാല്‍ രാജ്യസഭയിലേക്ക് കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് ലീഗില്‍ ഉയര്‍ന്നുവരുന്ന ചര്‍ച്ച.

പൊന്നാനിയിലും മലപ്പുറത്തും ജയിച്ചാല്‍ കേന്ദ്രമന്ത്രിസഭയിലേക്ക് മൂന്നാമതൊരാളെ പരിഗണിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാവ് ഇ ടി മുഹമദ് പാര്‍ട്ടിയിലെ തീവ്രനിലപാടുകാരനായതിനാല്‍ പാര്‍ട്ടിയിലും പുറത്തും സ്വീകാര്യനായ കുഞ്ഞാലിക്കുട്ടിയെ പരിഗണിക്കണമെന്നാണ് പി കെ കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്നവരുടെ വാദം. ഇതിനായി കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. പക്ഷെ ജൂണ്‍ 4 ന് ശേഷം തുറന്ന ചര്‍ച്ച മതിയെന്നാണ് തീരുമാനം. പി എംഎ സലാമും എം കെ മുനീറും പരിഗണന പട്ടികയിലുണ്ടായിരുന്നു. ഇന്‍ഡ്യ മുന്നണിയുടെ സാധ്യത മങ്ങിയാല്‍ പിഎംഎ സലാമിനെ കുഞ്ഞാലിക്കുട്ടി പിന്തുണയ്ക്കാനാവ സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version