Kerala
മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ, പ്രാദേശികഘടകം ആഘാതം കൂട്ടി; ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
കല്‍പ്പറ്റ: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
29, 30 തിയ്യതികളിലായി പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അപകടമേഖയിൽ 2018 മുതൽ ചെറുതും വലുതുമായി ഉരുൾപൊട്ടലുകളുണ്ടായി. മുണ്ടക്കൈ ഉരുൾപൊട്ടലിൽ എഴ് കി.മീ ദൂരത്തോളം അവശിഷ്ടങ്ങൾ ഒഴുകി. കൂറ്റൻ പാറക്കഷ്ണങ്ങളും മണ്ണും ചെളിയും വേഗത്തിൽ ഒഴുകിയെത്തി. അപകടമേഖലയുടെ മലയോരമേഖലകൾ അതീവ ഉരുൾപൊട്ടൽ സാധ്യതാ പട്ടികയിലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം മേഖലയില്‍ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്. കഡാവര്‍ നായ്ക്കളെയും തിരച്ചിലിനിറക്കും.
സന്നദ്ധപ്രവര്‍ത്തകര്‍ അധികമായാല്‍ നിയന്ത്രിക്കും. അവരുടെ സേവനം വളരെ വിലപ്പെട്ടതാണെന്നും റിസ്‌ക്കുള്ള ഇടങ്ങളിലൊന്നും ആരെയും അറിയിക്കാതെ പോകരുതെന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് നിന്നും സൈന്യം പൂര്‍ണമായും മടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൂരല്‍മലയില്‍ തുടര്‍ന്ന സംഘാംഗങ്ങളാണ് മടങ്ങിയത്. 3 സൈനിക ഉദ്യോഗസ്ഥര്‍ മാത്രമാണ് സ്ഥലത്ത് തുടരുന്നത്.