Kerala

സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മിച്ച തുംഗഭദ്ര; ആശങ്ക മുല്ലപ്പെരിയാറിലേക്കും

Posted on

കര്‍ണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു പ്രളയഭീതി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാര്‍ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുര്‍ക്കി മിശ്രിതംകൊണ്ട് നിര്‍മിച്ചതാണ്. 1953ലാണ് തുംഗഭദ്ര കമ്മിഷന്‍ ചെയ്തത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. ഒരു ഡാമിന്റെ കാലാവധി അറുപത് വര്‍ഷമാണ്‌. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ തന്നെ നൂറ്റിമുപ്പത് വര്‍ഷത്തോളം പഴക്കമായി. 1895ലാണ് ബ്രിട്ടീഷുകാര്‍ ഇടുക്കിയില്‍ ഡാം നിര്‍മ്മിച്ചത്.

തുംഗഭദ്ര ദുര്‍ബലാവസ്ഥയിലല്ല. എന്നിട്ടുകൂടി ഒരു ഗേറ്റിന് തകരാര്‍ സംഭവിച്ചതോടെ ഡാം തകരാതിരിക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി അപകടഭീതിയിലാണ്. ഇടുക്കി നിവാസികളുടെ ഉറക്കംകെടുത്തുന്ന ഡാം കൂടിയാണിത്. പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദുരന്തങ്ങളായാണ് മാറിയതും. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇടുക്കിയിലും സംഭവിച്ചാല്‍ എന്നൊരു ചോദ്യം ജില്ലക്കാര്‍ക്ക് മുന്നിലുണ്ട്. അപകടാവസ്ഥ കാരണം ഡാം തകര്‍ന്നാലും വന്‍നാശമാണ് കേരളത്തെ കാത്തിരിക്കുന്നതും.

999 വര്‍ഷത്തേക്ക് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. പുതിയ ഡാം പണിയണമെന്ന് കേരളത്തില്‍ നീക്കം ഉണ്ടെങ്കിലും ഇതെല്ലാം നിയമക്കുരുക്കിന്റെ പിടിയിലാണ്. വര്‍ഷങ്ങളായി ഡാം പ്രശ്നത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി സമിതിയുടെ നിയന്ത്രണത്തിന് കീഴിലാണ് ഡാം ഉള്ളതും.

തമിഴ്നാട്ടിലെ ദിണ്ടിക്കൽ, തേനി, മധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് ബ്രിട്ടീഷുകാര്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് ആലോചിക്കുന്നത്. 1882-ൽ കാപ്റ്റൻ പെനിക്യുക്കിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. സുർക്കി,ചുണ്ണാമ്പ്, കരിങ്കല്ല് എന്നിവ മാത്രം ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചത്. ആദ്യ ശ്രമങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ അസാധ്യമെന്നു കരുതി ബ്രിട്ടീഷുകാര്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വന്തം സ്വത്ത് വിറ്റ ശേഷം ധനം സമാഹരിച്ചാണ് പെനിക്യുക്ക് രണ്ടാമതും ഡാം നിര്‍മിതിക്ക് എത്തുന്നത്. ഇതോടെയാണ് 1895ല്‍ ഡാം പൂര്‍ത്തിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version