Kerala
‘ഏകാധിപതി നിരാശയിലാണ്’; പ്രസംഗ വിവാദത്തില്‍ പ്രധാനമന്ത്രിക്കെതിരെ സിപിഎമ്മും
ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ സിപിഎമ്മും രംഗത്ത്. മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി നടപടിയെടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെടുന്നത്.
പ്രധാനമന്ത്രിയുടേത് വർഗീയവാദികളുടെ ഭാഷ,ഒരു വിഭാഗത്തിനെതിരെ വിദ്വേഷം പ്രചരിപ്പിച്ച് വോട്ട് വാങ്ങുന്നു, ഏകാധിപതി നിരാശയിലെന്നും സിപിഎം. ‘എക്സി’ലൂടെയാണ് സിപിഎം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ കോൺഗ്രസും തൃണമൂല്‍ കോൺഗ്രസും മോദിയുടെ പ്രസംഗത്തിനെതിരെ രംഗത്തുവന്നിരുന്നു. മോദിയുടേത് വിദ്വേഷ പ്രസംഗം ആണെന്നും അതിലൂടെ ജനശ്രദ്ധ തിരിക്കുകയാണെന്നും മല്ലികാര്‍ജുൻ ഗര്‍ഖെയും ആദ്യഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് നിരാശയാണെന്ന് രാഹുല്‍ ഗാന്ധിയും പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിക്കാനാണ് തൃണമൂല്‍ കോൺഗ്രസിന്‍റെ തീരുമാനം. പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അവഗണിക്കുകയും മോദിക്കും ബിജെപിക്കും സര്‍വസ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്യുകയാണെന്നആക്ഷേപവും തൃണമൂല്‍ കോൺഗ്രസ് ഉന്നയിച്ചു.