India
ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി
ന്യൂഡൽഹി: താന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കിയതിനെതിരെയും പ്രധാനമന്ത്രി ആഞ്ഞടിച്ചു. പ്രീണന രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്ന പാര്‍ട്ടികളെ ലക്ഷ്യമിട്ടായിരുന്നു തന്റെ പ്രതികരണമെന്നും നരേന്ദ്ര മോദി വിശദീകരിച്ചു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ പ്രതികരണം.
‘ഞാന്‍ ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല. ഒരിക്കലും അത് ചെയ്യുകയുമില്ല. പക്ഷെ ഞാന്‍ മുത്തലാഖ് തെറ്റാണെന്ന് പറഞ്ഞാല്‍ എന്നെ മുസ്ലിം വിരുദ്ധനാക്കും. ആ നിലയില്‍ ഞാന്‍ മുദ്രകുത്തപ്പെട്ടാല്‍ അതെന്റെ വിഷയമല്ല വിമര്‍ശകരുടെ കുഴപ്പ’മാണെന്നും മോദി പറഞ്ഞു. ‘പ്രതിപക്ഷം പൂര്‍ണ്ണമായും വര്‍ഗീയ അജണ്ടയാണ് പിന്തുടരുന്നത്. ഞാന്‍ അത് തുറന്ന് കാണിക്കുകയാണ്. ന്യൂനപക്ഷങ്ങളെ കരാര്‍ സമ്പ്രദായത്തില്‍ കൊണ്ടുവരുമെന്ന് അവര്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നതാണ് പ്രശ്‌നം. ഞാന്‍ ആ രീതിയെ എതിര്‍ക്കുന്നുവെങ്കില്‍ അത് മതേതരത്വ നിലപാട് കൊണ്ടാണ്. പക്ഷെ ഞാന്‍ ന്യൂനപക്ഷമെന്നോ മുസ്ലിം എന്നോ ഉപയോഗിക്കുമ്പോള്‍ ഞാന്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്ന നിലയിലാണ് എടുക്കപ്പെടുന്ന’തെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.