India
എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്, രാജ്യസഭയില്‍ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസഭയില്‍ മറുപടി പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളുടെ നികുതി, ഞങ്ങളുടെ പണം എന്ന വാദം ശരിയല്ലെന്നായിരുന്നു മോദിയുടെ പരാമര്‍ശം. രാജ്യത്തെ തകര്‍ക്കാന്‍ പുതിയ ആഖ്യാനങ്ങള്‍ സൃഷ്ടിക്കരുത്. രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്റെ വികസനം. വികസനത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാം രാജ്യത്തെ ഒന്നായി കാണണം, വേര്‍തിരിക്കരുത്. നദികള്‍ ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്നുവെന്നും അതു മറ്റുളള സംസ്ഥാനങ്ങള്‍ ഉപയോഗിക്കരുതെന്നും അവിടെയുളളവര്‍ പറഞ്ഞാല്‍ എന്തു ചെയ്യും? കല്‍ക്കരിയുളള സംസ്ഥാനങ്ങള്‍ അതില്ലാത്തവര്‍ക്കു നല്‍കില്ലെന്നു പറഞ്ഞാല്‍ എന്തു ചെയ്യും? കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഓക്‌സിജന്‍ പങ്കിടില്ലെന്നു പറഞ്ഞിരുന്നെങ്കില്‍ മറ്റ് പ്രദേശങ്ങളില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നും മോദി ചോദിച്ചു.