Kerala
‘യാത്രക്കാരാണ് യജമാനന് എന്ന പൊതുബോധം വേണം’; കെഎസ്ആർടിസി ജീവനക്കാർക്ക് മന്ത്രിയുടെ തുറന്ന കത്ത്
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരാണ് യജമാനൻ എന്ന പൊതുബോധം ജീവനക്കാർക്ക് വേണമെന്നും അവരോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കത്തിൽ പറഞ്ഞു. രാത്രി 10 മണിക്ക് ശേഷം സൂപ്പർ ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ള ശ്രേണിയിലെ ബസുകളും യാത്രക്കാർ പറയുന്നിടത്ത് നിർത്തികൊടുക്കണം. ബസുകള്‍ കൃത്യമായ ഇടവേളകളില്‍ കഴുകി വൃത്തിയാക്കണം. ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ശീതീകരിച്ച മുറി നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെയാണ് ഒന്‍പതു പേജുകളുള്ള കത്ത് ജീവനക്കാര്‍ക്കായി മന്ത്രി സമര്‍പ്പിച്ചത്. മന്ത്രിയായി ചുമതലയേറ്റപ്പോള്‍ ജീവനക്കാര്‍ക്കായി തുറന്ന കത്തെഴുതുമെന്ന് ഗണേഷ് അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ചില നിയമ ബിരുദധാരികള്‍ കോര്‍പ്പറേഷനെതിരായ കേസുകളില്‍ ഇടപെടുന്നത് ദുഃഖകരമാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. അതേസമയം കടക്കെണിയില്‍ നിന്ന് കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണമെന്നും മന്ത്രി ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചു.