Kerala
മേയർക്ക് ഭരണത്തിൽ പരിചയം പോരാ! ഇങ്ങനെ പോയാൽ നഗരസഭാ ഭരണം നഷ്ടപ്പെടും : ആര്യ രാജേന്ദ്രനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്യാൻ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മേയർ ആര്യ രാജേന്ദ്രന് രൂക്ഷവിമര്‍ശനം. നഗരസഭാ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മേയർ കാര്യങ്ങൾ എത്തിച്ചു. മേയറെ മാറ്റണമെന്നും ചില പ്രതിനിധികൾ പരോക്ഷമായി സൂചിപ്പിച്ചു. ഉചിതമായ തീരുമാനം പാർട്ടിയെടുക്കണമെന്നും ആവശ്യമുയർന്നു. വെള്ളിയാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും മേയർക്കെതിരെ വിമർശനം ഉയർന്നിരുന്നു.
കാർ കുറുകെയിട്ട് മേയറും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിലും വിമർശനമുണ്ടായി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം നാണക്കേടായി. അപക്വമായ ഇടപെടലാണ് മേയറുടെയും സച്ചിൻദേവ് എംഎൽഎയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. മേയറുടെ പരിചയക്കുറവ് നഗരഭരണത്തിൽ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു.
സംസ്ഥാന ഭരണത്തിനെതിരെയും വിമർശനമുണ്ടായി. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പിൽ തിരിച്ചടിച്ചു. ജീവനക്കാരും പെൻഷൻകാരും സർക്കാരിനെതിരായി. തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യത്തിന് പണം നൽകുന്നില്ല എന്നും വിമർശനമുയർന്നു. അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കെ ആര്യയെ മേയർ സ്ഥാനത്തുനിന്ന് മാറ്റേണ്ടെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. അത്തരം നടപടി നഗരസഭാ ഭരണം പരാജയമാണെന്ന പ്രതിപക്ഷ ആരോപണത്തെ ശരിവയ്ക്കുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.