Kerala
നഗരത്തിൽ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാൻ സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡ്, കർശന നടപടിയെന്ന് ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: നഗരത്തിൽ വിവിധയിടങ്ങളിൽ മാലിന്യം വലിച്ചെറിയാൻ നടത്തിയ ശ്രമങ്ങൾ സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്‍റെ ഇടപെടലിൽ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. അനധികൃതമായി മാലിന്യം ശേഖരിച്ചതിനടക്കം ഉപയോഗിച്ച വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസിന് കൈമാറുകയും പിഴചുമത്തുകയും ചെയ്തു.
സ്പെഷ്യൽ നൈറ്റ് സ്‌ക്വാഡിന്‍റെ പ്രവർത്തനങ്ങൾ ശക്തമായി തുടരും.കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയ കേസുകൾ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ആകെ 10 കേസുകളാണ് എടുത്തിട്ടുള്ളത്. ഫോർട്ട്, പൂന്തുറ, തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്ന് വീതവും, വഞ്ചിയൂർ സ്റ്റേഷനിൽ അഞ്ചും, കന്റോൺമെന്റ് സ്റ്റേഷനിൽ രണ്ടും കേസുകൾ എടുത്തിട്ടുണ്ട്.
പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തി 9447377477 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പിൽ അയച്ചുതരണമെന്ന് അഭ്യർത്ഥിക്കുകയാണ്. കർക്കശമായ നടപടികൾ സ്വീകരിക്കും. മാലിന്യമുക്ത നഗരത്തിനായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നും ആര്യ ഫേസ്ബുക്കിൽ കുറിച്ചു.