Crime
പന്തെടുക്കാൻ പോയ കുട്ടിയുടെ കാൽ വീട്ടുടമ പട്ടികക്ക് അടിച്ചൊടിച്ചു; കേസെടുത്ത് പോലീസ്
മരട്: പറമ്പിൽ കളിക്കുന്നതിനിടെ അടുത്ത വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാലിന്റെ എല്ല് വീട്ടുടമ പട്ടികക്ക് അടിച്ച് പൊട്ടിച്ചു. പൂണിത്തുറ വളപ്പിക്കടവ് കോളനിയിൽ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെയാണ് (10) ഇടതുകാലിന്റെ എല്ല് രണ്ടിടത്തായി പൊട്ടിയത്. ചമ്പക്കര സെയ്ന്റ് ജോർജ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ് നവീൻ.
ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നവീൻ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പിൽ ഫുട്ബോൾ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ടു മുതുകിലും, കാലിലും അടിക്കുകയായിരുന്നു. അടിയേറ്റ കുട്ടി കരഞ്ഞുകൊണ്ട് ഓടി രക്ഷപ്പെട്ടു. തുടർന്നു വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഉടൻ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എക്സ്റേയിലാണ് കാലിന്റെ എല്ലിന് രണ്ടു പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്. സംഭവത്തിൽ സമീപവാസിയായ ദിവ്യദീപം വീട്ടിൽ ബാലന്റെ പേരിൽ കേസെടുത്തതായി മരട് പോലീസ് അറിയിച്ചു.