Kerala
കാലം ആവശ്യപ്പെട്ട നേതാവെന്ന് പിണറായിയെ വിശേഷിപ്പിച്ച മാർ കൂറിലോസ് ‘വിവരദോഷി’യായത് എങ്ങനെ?
“മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെക്കുറിച്ച് ഇതിന് മുൻപും ഇവിടെ എഴുതിയിട്ടുണ്ട്. ദുരന്തങ്ങൾ അഭിമുഖീകരിക്കുന്ന സമയത്ത് ശ്രീ.പിണറായി വിജയന്റെ നേതൃപാടവം ഒന്നുകൂടി ഉയരുന്നത് നാം കഴിഞ്ഞ പ്രളയകാലത്തും കണ്ടറിഞ്ഞതാണ്. ഇപ്പോഴും നാം അത് അനുഭവിച്ചറിയുന്നു. സഹമന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഒരേ ചരടിൽ കോർത്ത് പ്രളയം പോലെയുള്ള ദുരന്തങ്ങളെ നേരിടുന്നതിൽ അദ്ദേഹം കാണിക്കുന്ന മികവ് വേറിട്ട് നിൽക്കുന്നതാണ്. ഈ ഘട്ടങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ കൂടി മുഖ്യമന്ത്രി ജനങ്ങൾക്ക് നൽകുന്ന സന്ദേശം ഒരു ജനതയെ മുഴുവൻ ചേർത്തു നിർത്തുവാൻ പര്യാപ്തമാണ്. സാമൂഹിക മാധ്യമങ്ങളിൽ കൂടിയും ഫലപ്രദമായി മുഖ്യമന്ത്രി നമ്മോട് ഹൃദയം കൊണ്ട് സംവദിക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാം ഈ ദുരന്തവും അതിജീവിക്കും എന്ന പ്രതീക്ഷയും നിശ്ചയദാർഡ്യവും ബഹു. മുഖ്യമന്ത്രി തന്റെ ചടുലവും പക്വവുമായ ഇടപെടലുകളിലൂടെ പകർന്നു നൽകുന്നു. എന്നിട്ടും ദുരന്തമുഖങ്ങളിൽ പോലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ കുറിച്ച് സഹതാപം തോന്നുന്നു. സർക്കാരിനൊപ്പം നിന്ന് എല്ലാം മറന്ന് പ്രവർത്തിക്കേണ്ട സമയമാണിത്”.
2019 ഓഗസ്റ്റ് 19ന് പ്രളയത്തെ മുന്നിൽകണ്ട നാളുകളിൽ പിണറായി കാലം ആവശ്യപ്പെട്ട നേതാവ് എന്ന തലക്കെട്ടിൽ ഈ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു. ഒരു കമ്യൂണിസ്റ്റ് നേതാവിനെ ലോകമലയാളികൾക്ക് മുന്നിൽ ഇങ്ങനെ അവതരിപ്പിക്കാൻ ധൈര്യം കാട്ടിയ ക്രൈസ്തവ മേലധ്യക്ഷൻ, കൃത്യം അഞ്ചുവർഷം എത്തുമ്പോൾ അതേ പിണറായിയുടെ വാക്കുകളിലൂടെ എങ്ങനെ ‘വിവരദോഷി’യായി ചാപ്പ കുത്തപ്പെട്ടു. പാർട്ടിക്കാരെയും അനുഭാവികളെയും മാത്രമല്ല സാധാരണക്കാരെ അടക്കം ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ ആ പ്രയോഗം ഉണ്ടായത്. അത്രമേൽ ഹൃദയഹാരിയായ ബന്ധമാണ് ഇരുവരും പുലർത്തിയിരുന്നത്.
സിപിഎമ്മിൻ്റെ വേദികളിൽ നിരന്തരം പങ്കെടുക്കുകയും ക്രിസ്തുവിൻ്റെയും കാറൽ മാർക്സിൻ്റെയും നിലപാടുകളിലെ സമാനതകളെക്കുറിച്ച് ആവേശപൂർവ്വം സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നതിൽ എന്നും മുൻപന്തിയിലുണ്ടായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിൻ്റെ വഴിപിഴച്ച പോക്കിനെതിരെ ഉള്ള ബിഷപ്പിൻ്റെ തുറന്നുപറച്ചിലുകളാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചതെന്ന് വ്യക്തം. കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിയില് നിന്ന് സിപിഎമ്മും ഇടതുകക്ഷികളും പാഠം പഠിക്കണമെന്നും അല്ലെങ്കില് ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നുമാണ് ഇക്കഴിഞ്ഞ ദിവസം ബിഷപ്പ് കൂറിലോസ് ഫെയ്സ്ബുക്കിൽ കുറിച്ചത്.
“കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ള താണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്’ തന്നെ നിൽക്കണം. ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തേക്ക് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തില്ല. ബിജെപിയേക്കാൾ രൂക്ഷമായി രാഹുൽ ഗാന്ധിയെ ടാർജറ്റ് ചെയ്ത ഇടതുപക്ഷത്തിൻ്റെ നിലപാട് തിരിച്ചടിക്ക് കാരണമായി എന്ന് തിരഞ്ഞെടുപ്പ് കാലത്തെ പിണറായിയുടെ പ്രസംഗങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെല്ലാം തിരിച്ചടിയായിട്ടാണ് പുരോഹിതരിലും ചില വിവരദോഷികളുണ്ടെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചത്.
രണ്ടാം പിണറായി സർക്കാരിൻ്റെ അഴിമതികളേയും ഭരണപരാജയങ്ങളേയും ബിഷപ്പ് കൂറിലോസ് തുറന്ന് എതിർക്കാൻ തുടങ്ങിയതോടെ മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ അദ്ദേഹത്തെ ശത്രുപക്ഷത്തിൻ്റെ ആളായി മുദ്ര കുത്തി. സർക്കാരുമായി അടുത്ത ബന്ധം പുലത്തുന്ന യാക്കോബായ സഭയിലെ മെത്രാനായി തുടരുമ്പോഴും സർക്കാരിൻ്റെ പോരായ്മകളെ നിഷ്കരുണം വിമർശിക്കുന്ന പതിവ് അദ്ദേഹം തുടർന്നു പോന്നു.
മാർ കൂറിലോസിൻ്റെ സർക്കാർ വിമർശനങ്ങൾ നിമിത്തം അദ്ദേഹത്തിൻ്റെ സഭയ്ക്കുള്ളിലും അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. മെത്രാൻ്റെ പരസ്യ വിമർശനങ്ങളോട് സഭ അകലം പാലിച്ചു. മിക്കപ്പോഴും കൂറിലോസിൻ്റെ നിലപാടുകളെ സഭാനേതൃത്വം തള്ളിപ്പറഞ്ഞിരുന്നു. സഭാനേതൃത്വവുമായുള്ള സ്വരചേർച്ചയില്ലായ്മ രൂക്ഷമായ ഘട്ടത്തിൽ മാർ കൂറിലോസ് കഴിഞ്ഞ വർഷം ഭദ്രാസന ചുമതലകൾ ഒഴിഞ്ഞ് വിശ്രമജീവിതത്തിലേക്ക് മാറുകയായിരുന്നു. മാർ കൂറിലോസിൻ്റെ ഏറ്റവും ഒടുവലത്തെ വിമർശനം ഉണ്ടായതിന് പിന്നാലെ അദ്ദേഹത്തെ തള്ളി യാക്കോബായ സഭ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ബിഷപ് വിശ്രമത്തിലേക്ക് മാറിയ ആളാണെന്നും അദ്ദേഹം പറയുന്നതൊന്നും സഭയുടെ അഭിപ്രായമല്ലെന്നും ആയിരുന്നു ഔദ്യോഗിക വിശദീകരണം.
സഭാ നേതൃത്വത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുമ്പോഴും തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടാൻ തനിക്ക് വിലക്കുകളില്ലെന്ന് പ്രഖ്യാപിച്ചിരിക്കയാണ് മാർ കൂറിലോസ്. താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. തനിക്കെതിരെ മുഖ്യമന്ത്രി നടത്തിയ വ്യക്തിപരമായ വിമർശനത്തെ കാര്യമാക്കുന്നില്ലെന്നും തന്നെ പിന്തുണച്ച് രംഗത്തുവന്നവരോടെല്ലാം സ്നേഹമുണ്ടെന്നും ആണ് അദ്ദേഹം പറഞ്ഞത്. ബിഷപ്പിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.