Kerala
ഉന്നതതല അന്വേഷണം വേണം, സിപിഎം വിട്ട മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്
കണ്ണൂർ: ക്വട്ടേഷൻ ക്രിമിനൽ സംഘങ്ങളുമായി സിപിഎം നേതൃത്വത്തിന് അവിശുദ്ധ ബന്ധമെന്ന് ആരോപിച്ച് സിപിഎം വിട്ട ഡിവൈഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് മനു തോമസിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്.
മനു ഇപ്പോൾ സത്യത്തിന്‍റെ പാതയിലാണ്, പാർട്ടിയിൽ ചേരാൻ താൽപ്പര്യപ്പെട്ടാൽ പരിഗണിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി ജയരാജന്‍റെ മകനും ആകാശ് തില്ലങ്കേരിയുമടക്കമുള്ള ഒരു സർക്കിളാണ് കണ്ണൂർ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയെല്ലാം നിയന്ത്രിക്കുന്നതെന്നും മാർട്ടിൻ ആരോപിച്ചു.
കണ്ണൂർ വിമാനത്താവളത്തിലടക്കം നടന്നിട്ടുള്ള സ്വർണ്ണക്കടത്തിൽ ഇവരുടെ ഒരു നെറ്റ് വർക്ക് ഭാഗമായിട്ടുണ്ട്. മനുവിന് ഇവയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. മനു തോമസ് ഇപ്പോൾ നീതിയുടെ പക്ഷത്താണ്. അതുകൊണ്ടാണ് സുഹൈബ് അടക്കമുള്ളവർക്കെതിരെ രംഗത്ത് വന്നത്. സിപിഎമ്മിനെതിരെയുള്ള മനു തോമസിന്‍റേതുൾപ്പടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണം. സിപിഎമ്മിന്‍റെ മാഫിയ ബന്ധം സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെന്നും ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.