India
മണിപ്പൂരിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു
മണിപ്പൂരിൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. ചില പ്രദേശങ്ങളിൽ അക്രമികൾ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. മണിപ്പൂരിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 26 ആയുധങ്ങളാണ് സൈന്യം കണ്ടെടുത്തത്. ഒമ്പത് എംഎം കാർബൈൻ മെഷീൻ ഗൺ, എകെ 47 റൈഫിൾ, സിംഗിൾ ബാരൽ റൈഫിൾ, പിസ്റ്റൾ, 2.5 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ എന്നിവയാണ് കണ്ടെത്തിയത്.
ഈ മാസം ഏഴിന് ബിഷ്ണുപൂർ, ഗെൽബംഗ് ജില്ലകളിൽ സൈന്യം പരിശോധന നടത്തിയിരുന്നു. സൈന്യം, അസം റൈഫിൾസ്, മണിപ്പൂർ പൊലീസ്, വിവിധ സുരക്ഷാ സേന എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടന്നത്. ഓപ്പറേഷനിൽ വൻ ആയുധശേഖരമാണ് കണ്ടെത്തിയിരുന്നത്. ചുരാചന്ദ്പൂർ ജില്ലയിൽ നടത്തിയ മറ്റൊരു ഓപ്പറേഷനിൽ ചൈനീസ് നിർമിത മോർട്ടാറുകളും രണ്ട് പിസ്റ്റളുകളും ഗ്രനേഡുകളും കണ്ടെത്തിയിരുന്നു. ഈ മാസം എട്ടിനും ഒമ്പതിനും ഇംഫാൽ ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് അസം റൈഫിൾസും മണിപ്പൂർ പൊലീസും ചേർന്ന് പരിശോധന നടത്തിയിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നായി വൻ ആയുധശേഖരമാണ് സൈന്യം കണ്ടെടുത്തത്.
സൈന്യവും അസം റൈഫിൾസും തമ്മിലുള്ള സഹകരണം സംസ്ഥാനത്തെ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. മണിപ്പൂരിൽ ക്രമസമാധാനം നിലനിർത്താൻ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.