India
മണിപ്പൂരിലെ കലാപം ആളിക്കത്തിച്ചത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരേന്‍ സിങ് എന്ന് റിപ്പോര്‍ട്ട്
ഇംഫാല്‍: മണിപ്പൂരിലെ കലാപം ആളിക്കത്തിച്ചത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എന്‍ ബിരേന്‍ സിങ് എന്ന് റിപ്പോര്‍ട്ട്. കലാപവുമായി ബന്ധപ്പെട്ട് അര്‍ധ സൈനിക വിഭാഗമായ അസം റൈഫിള്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രിക്കെതിരെ വിരല്‍ചൂണ്ടുന്നത്. റിപ്പോര്‍ട്ടേഴ്സ് കളക്ടീവിന്റെ സഹായത്തോടെ അല്‍ ജസീറയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ബിരേൻ സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ‘രാഷ്ട്രീയ സ്വേച്ഛാധിപത്യവും അതിമോഹവുമാണ്’ കലാപം രൂക്ഷമാക്കിയത്. മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ സ്വീകരിച്ച നിലപാട് സംഘര്‍ഷം ശക്തമാക്കുകയും നിലവിലുണ്ടായിരുന്ന സാമുദായിക ധ്രുവീകരണം കൂടുതല്‍ വഷളാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ ഭൂരിപക്ഷമായ കുക്കി വിഭാഗങ്ങളെ മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നുവെന്ന ധാരണ വേഗത്തിലായി. സംഘര്‍ഷത്തില്‍ പോലീസ് മൗനം പിന്തുണ നല്‍കിയതായും പറയുന്നു. മണിപ്പൂരില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ പ്രചാരണത്തിനെത്തിയ ദിവസം തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇംഫാലില്‍ ദിവസങ്ങള്‍ കൊണ്ട് ഒതുങ്ങുമായിരുന്ന സംഘര്‍ഷം മുഖ്യമന്ത്രിയുടെ വിവേകരഹിതമായ നടപടികള്‍ കാരണമാണ് ആളിക്കത്തിയത്. ക്രമസമാധാനം പൂര്‍ണ്ണമായി പരാജയപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് ഭരണം കേന്ദ്രസര്‍ക്കാരിന് നല്കാന് ഭരണഘടന അനുമതി ഉണ്ട്. എന്നാല്‍ മണിപ്പൂരില്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി, സംസ്ഥാനത്തെ സര്‍ക്കാരില്‍ വിശ്വാസം കാക്കുകയായിരുന്നു. കുക്കി- മെയ്തെയ് വിഭാഗങ്ങള്‍ക്കിടയില്‍ വംശീയ വേര്‍തിരിവ് ഉണ്ടാക്കി കലാപം ആളിക്കത്തിച്ചതും ഭരണകൂടത്തിന്റെ നടപടിയായിരുന്നു. സംഘര്‍ഷം തുടങ്ങിയ ആദ്യ മൂന്നാഴ്ചക്കിടെ 79 കുക്കികളും 19 മെയ്തികളുമാണ് കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനില്‍ വ്യാപകമായി ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്.
മെയ്തികളെ പട്ടികവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ എസ്.ടി വിഭാഗത്തില്‍പ്പെട്ട കുക്കികള്‍ നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ ആക്രമണമാണ് 2000ത്തിലധികം ആളുകളുടെ ജീവനെടുത്തത്. ആക്രമണം കലാപത്തില്‍ കലാശിക്കുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്തു. ആയിരങ്ങള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.
സമയോചിതമായി ഇടപെട്ടതോടെ കലാപം അടിച്ചമര്‍ത്താന്‍ കഴിഞ്ഞെന്ന് അടുത്തിടെ പ്രധാനമന്ത്രി പറഞ്ഞതിനു പിന്നാലെ ശനിയാഴ്ച കുക്കി വിഭാഗത്തിലെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്.